തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്കു കാരണമായത് സംഘടനാ വീഴ്ചയും പാർട്ടിയിലെ വിഭാഗീയതയുമാണെന്നു സിപിഎം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. തിരുവനന്തപുരത്തെ തോൽവിക്കു പ്രധാന കാരണം മേയർ ആര്യ രാജേന്ദ്രന്റെ പ്രവർത്തനത്തിലെ പാളിച്ചയാണെന്നും തലയെടുപ്പുള്ള ഒരു മുതിർന്ന നേതാവിനെ മത്സരിപ്പിക്കാൻ കഴിയാതെ പോയതു തിരിച്ചടിയായെന്നും യോഗത്തിൽ വിമർശനമുയർന്നു.
ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായെന്നു ജില്ലാ സെക്രട്ടറിയും തിരിച്ചടിയായിട്ടില്ലെന്നു സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിയതോടെ ശബരിമല വിഷയത്തിൽ പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതായാണു സൂചന. അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം. പത്മകുമാറിനെതിരെ ഉയർന്ന ആരോപണങ്ങളെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ന്യായീകരിച്ചതും ജില്ലാ കമ്മിറ്റിയിൽ വിമർശനത്തിനു വഴിവച്ചു.
തിരുവനന്തപുരം നഗരസഭയിൽ 15 വാർഡുകളിൽ നൂറിലേറെ വോട്ടുകൾക്കാണ് തോറ്റത്. നേതാക്കളുടെ വീഴ്ചയും സംഘടനാപരമായ ദൗർബല്യങ്ങളുമാണു തോൽവിക്ക് കാരണമായതെന്നു കരമന ഹരി അഭിപ്രായപ്പെട്ടു.
ശബരിമല വിഷയം തിരിച്ചടിയായെന്നും അതിന്റെ ആഘാതം തിരിച്ചറിയാൻ കഴിയാതെ പോയെന്നും ജില്ലാ സെക്രട്ടറി വി. ജോയി റിപ്പോർട്ട് ചെയ്തു. ആഗോള അയ്യപ്പസംഗമം നടത്തിയതിൽ തെറ്റില്ല. എന്നാൽ, അവിടെ യോഗി ആദിത്യ നാഥിന്റെ ആശംസ വായിക്കുന്നതിന്റെ രാഷ്ട്രീയം എന്താണെന്നു മനസിലായില്ലെന്നും ചില അംഗങ്ങൾ വിമർശനം ഉന്നയിച്ചു. എല്ലാം ഭരണത്തിനു വിട്ടുകൊടുത്ത് പാർട്ടി മാറിനിൽക്കുന്നതിന്റെ കുഴപ്പമാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും വിമർശനമുണ്ടായി.
ജില്ലാ സെക്രട്ടറിക്ക് പുറമേ മറ്റ് രണ്ടുപേർ കൂടി സെക്രട്ടറി ചമയുന്നതാണ് ജില്ലയിലെ പ്രശ്നമെന്നും ആരോപണമുണ്ടായി. മന്ത്രിമാരുടെ ഓഫീസുകൾക്ക് നേരെയും വിമർശനമുയർന്നു. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ മുന്നിൽ പോയി ഓഛാനിച്ചു നിൽക്കേണ്ട ഗതികേടിലാണ് എംഎൽഎമാരെന്നും കെ.ആൻസലൻ ആരോപിച്ചു.
മേയർ എന്നനിലയിലുള്ള ആര്യ രാജേന്ദ്രന്റെ പ്രവർത്തനം ശരിയായില്ലെന്നു മുൻ മേയറും എംഎൽഎയുമായ വി.കെ. പ്രശാന്ത് തുറന്നടിച്ചു. മേയർക്കെതിരെയുള്ള ആരോപണങ്ങൾ തെരഞ്ഞെടുപ്പിനെ സാരമായി ബാധിച്ചു. അഹങ്കാരവും കെടുകാര്യസ്ഥതയും തിരിച്ചടിയായതായും വിമർ ശനം ഉയർന്നു.
ജില്ലയിൽ സിപിഐ അനാവശ്യ അവകാശവാദങ്ങൾ ഉന്നയിച്ചതും പ്രശ്നങ്ങൾക്കിടയാക്കിയെന്നും അഭിപ്രായമുയർന്നു. ശബരിമല കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം. പത്മകുമാറിനെതിരേ നടപടി വൈകുന്നതിൽ വലിയ വിമർശനമാണ് ജില്ലാ കമ്മിറ്റിയിലുയർന്നത്. അതേസമയം പത്മകുമാറിനെതിരെ നടപടി എടുക്കാത്തതു കുറ്റത്തിൽ വ്യക്തത വരാത്തതു കൊണ്ടാണെന്നും കേസിൽ വ്യക്തത വന്നാൽ നടപടി എടുക്കുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.