ഇരിട്ടി: ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തിൽ ജൽജീവൻ മിഷന്റെ പ്രവൃത്തികൾക്കെതിരെ രൂക്ഷ വിമർശനം. പൈപ്പിടാനായി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിൽ കാണിക്കുന്ന അനാസ്ഥക്കെതിരെ പഞ്ചായത്ത് പ്രസിഡന്റുമാരും മറ്റു ജനപ്രതിനിധികളും ശക്തമായ ഭാഷയിൽ വിമർശിച്ചു. മാസങ്ങൾക്കു മുന്പ് നടത്തിയ പ്രവൃത്തിപോലും പൂർവസ്ഥിതിയിലാക്കാൻ കരാറുകാരോ പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വാട്ടർ അഥോറിറ്റിയും താത്പര്യം കാണിക്കുന്നില്ലെന്നും വ്യക്തമായ മറുപടി പോലും നൽകുന്നില്ലന്നും ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.
റോഡുകൾ വെട്ടിക്കീറിയത് പൂർവസ്ഥിതിയിലാക്കാത്തത് കാരണമുള്ള അപകടങ്ങൾ പെരുകിയിട്ടും ബന്ധപ്പെട്ടവർ കാട്ടുന്ന നിസംഗത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രസിഡന്റുമാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ മലയോര മേഖലയിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡന്റുമാരെയും ഉൾപ്പെടുത്തിയുള്ള ഒരു കൂട്ടായ്മ രൂപപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
പഴശി പദ്ധതിയിലെ ജലം മുന്നറിയിപ്പ് ഇല്ലാതെ തുറന്നു വിടുന്നത് വലിയ അപകടഭീഷണി ഉണ്ടാക്കുന്നതായി മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ എൻ. ഷാജിത്ത് പറഞ്ഞു. പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസന സമിതി യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുമില്ല. ഇത് അതീവ ഗൗരവത്തോടെ കാണണമെന്ന് ഷാജിത്ത് ആവശ്യപ്പെട്ടു. റോഡുകളിലെ വെള്ളക്കെട്ടും അപകട ഭീഷണി ഉയർത്തുന്ന മരങ്ങളും മറ്റും കണ്ടെത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് മൊബൈൽ യൂണിറ്റ് സംവിധാനം ഒരുക്കണമെന്ന നിർദേശവും ഉയർന്നു.
ആദിവാസി ഉന്നതികളിൽ റേഷൻ കാർഡ്, മറ്റു തിരിച്ചറിയൽ കാർഡുകൾ ഇല്ലാത്ത നിരവധി കുടുംബങ്ങളുണ്ടെന്നും ഇതു ലഭ്യമാക്കാൻ നടപടികൾ വേണമെന്നും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡഡന്റ് എം. സുമേഷ് ആവശ്യപ്പെട്ടു. പുഴകളിൽ മണലും മാലിന്യങ്ങളും അടിഞ്ഞ് പുഴ കരകവിഞ്ഞൊഴുകുന്നത് മൂലം ഉണ്ടാകുന്ന കരയിച്ചിൽ തടയാൻ കർശന നടപടി ഉണ്ടാകണമെന്നും കെഎസടിപി റോഡിലെ മുഴുവൻ വഴി വിളക്കുകളും പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ ആവശ്യപ്പെട്ടു.
റീസർവേയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യപോൾ ആവശ്യപ്പെട്ടു.
കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് സമാന്തര റോഡുകളായി പരിഗണിക്കപ്പെടുന്ന പുന്നാട് കാക്കയങ്ങാട് റോഡും കാക്കയങ്ങാട് മുഴക്കുന്ന് ഉരുവച്ചാൽ റോഡും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ജാഫർ നെല്ലൂർ ആവശ്യപ്പെട്ടു.
റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണി, ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് നീക്കം ചെയ്യാൻ ക്ലീൻ കേരള മിഷന്റെ ഇടപെടൽ എന്നിവ സംബന്ധിച്ച് തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് മുരളീധരൻ കൈതേരി, കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ് എന്നിവർ ആവശ്യപ്പെട്ടു. ഇരിട്ടി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മോട്ടോർവാഹനവകുപ്പും പോലീസും സംയുക്തമായുള്ള പ്രവർത്തനമാണ് വേണ്ടതെന്ന് ഇബ്രാഹിം മുണ്ടേരി നിർദേശിച്ചു.
പ്രവർത്തനമാണ് ആവശ്യമെന്ന് മുസ്ലിം ലീഗ് അംഗം ഇബ്രാഹിം മുണ്ടേരി പറഞ്ഞു. ഇരിട്ടി മുനിസിപ്പൽ ചെയർപേഴ്സൺ വി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. തഹസീൽദാർ എസ്. മഞ്ജു, ഭൂരേഖ വിഭാഗംതഹസിൽദാർ അനീഷ് ശങ്കർ, പഞ്ചായത്ത് പ്രസിഡന്റുമാരായഎം. വിനോദ്കുമാർ, ടി. ശ്രീജ, വി. ശോഭ, ജില്ലാ പഞ്ചായത്തംഗം ബോബി എണ്ണച്ചേരി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
യോഗത്തെ പ്രഹസനമാക്കരുതെന്ന്
വികസന സമിതി യോഗത്തെ പ്രഹസനമാക്കാതിരിക്കുവാനുള്ള നടപടി ഉദ്യോഗസ്ഥന്മാരുടെ നിന്നും ഉണ്ടാകണമെന്നും ഇക്കാര്യത്തിൽ എല്ലാ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യം. കഴിഞ്ഞ കാല തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും ശക്തമായ നടപടി ഉണ്ടാകണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ. ജനാർദ്ദനൻ, തോമസ് തയ്യിൽ, മാത്തുക്കുട്ടി പന്തപ്ലാത്തൽ, എം.ആർ. സുരേഷ് എന്നിവർ ആവശ്യപ്പെട്ടു.
ഇരട്ടി, പേരാവൂർ താലൂക്ക് ആശുപത്രികളുടെ നിർമാണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഇക്കാര്യത്തിൽ ഉണ്ടാകുന്ന അനാസ്ഥ പരിഹരിക്കണം. ആറളത്തെ ആനമതിൽ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Tags : nattu vishesham Harsh criticism Jal Jeevan Mission