പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക ഡ്യൂട്ടിയിൽ കർശന നിബന്ധനകളുമായി ഗതാഗത കമ്മീഷണർ. ഉദ്യോഗസ്ഥർ ജോലി സമയത്ത് പ്രൊഫഷണലിസം പാലിക്കണമെന്നും വാക്കിലും പ്രവൃത്തിയിലും മാന്യത കൈവിടരുതെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
അഴിമതിയും ഇടനിലക്കാരുടെ ഇടപെടലുകളും പൂർണമായി തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ജോലിക്കെത്തുമ്പോൾ കൈവശമുള്ള പണം എത്രയെന്ന് രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഇതിനൊപ്പം ലൈസൻസ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടുകളിലേക്ക് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ഉൾപ്പെടെയുള്ള പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്നും ഉത്തരവിലുണ്ട്.
അതിനിടെ ഡ്രൈവിംഗ് ടെസ്റ്റുകൾ വൈകുന്നുവെന്ന വ്യാപക പരാതിയെ തുടർന്ന് മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ചില തീരുമാനങ്ങൾ മോട്ടോർ വാഹന വകുപ്പ് തിരുത്തി.ഇതിന്റെ ഭാഗമായി പ്രതിദിന ടെസ്റ്റുകളുടെ എണ്ണം നാൽപതിൽ നിന്ന് അമ്പതായി ഉയർത്തിയിട്ടുണ്ട്.
കൂടാതെ അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റുകൾ ഉണ്ടായിരിക്കും. പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ക്രമക്കേടുകൾ തടയുന്നതിനുമായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ പ്രത്യേക നിരീക്ഷണ ചുമതലയും ഏൽപ്പിച്ചിട്ടുണ്ട്.
Tags : Transport Commissioner Motor Vehicle Department Driving test Ground Ban Driving School Operators Restricted MVD Guidelines