അന്‍സിബ ഹസന്
കൊച്ചി: നടി ലക്ഷമിപ്രിയക്കെതിരായ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ നടി അന്‍സിബ ഹസന് നല്കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍, പാലാരിവട്ടം എസ്എച്ച്ഒ എന്നിവര്‍ മറുപടി നല്‍കണമെന്ന് ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ ഉത്തരവിട്ടു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് ഓഗസ്റ്റ് 10ലേക്ക് പരിഗണിക്കാനായി മാറ്റി. യൂട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ തനിക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് അന്‍സിബയുടെ പരാതി. താന്‍ മദ്യപാനിയാണെന്നും രാത്രി വൈകി ഒരാളെ മുറിയിലേക്ക് വിളിച്ചുവരുത്തിയെന്നുമുള്ള വ്യാജ ആരോപണങ്ങളാണ് ലക്ഷ്മിപ്രിയ വീഡിയോയില്‍ ഉന്നയിച്ചത്.
ലക്ഷ്മിപ്രിയ, യൂട്യൂബ് ചാനല്‍ ഉടമ, ശ്വേത മേനോന് എന്നിവര്‍ ചേര്‍ന്ന് തനിക്കെതിരെ നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് ജൂണ്‍ 26ന് പാലാരിവട്ടം പോലീസിലും ജൂണ്‍ 29ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
തുടർന്നാണ് അന്‍സിബ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാല്‍ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനും മൊഴി രേഖപ്പെടുത്താനുമാണ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്നും പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് അന്‍സിബ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Tags : Ansiba Hasan Lakshmi Priya Kerala High Court Ansiba petition defamation case Shweta Menon