കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ബഷീര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം.
കുളത്തൂപ്പുഴ: വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ ജനങ്ങള്‍ നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും വനം വകുപ്പിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കുളത്തൂപ്പുഴയില്‍ നാട്ടുകാരുടെ പ്രതിഷേധം. കുളത്തൂപ്പുഴ അയ്യന്‍പിള്ളവളവ് സ്വദേശി ബഷീര്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥയും മണിക്കൂറുകള്‍ നീണ്ട ഉപരോധസമരവും ഉണ്ടായത്.
വീട്ടില്‍ നിന്നും കുളത്തൂപ്പുഴ ജംഗ്ഷനിലേക്ക് പോവുകയായിരുന്ന ബഷീറിനെ റോഡിൽവച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. വാര്‍ത്തയറിഞ്ഞ് കുളത്തൂപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകളാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. ഇന്‍ക്വിസ്റ്റ് നടപടികള്‍ക്കായി എത്തിയ പോലീസിനെ നാട്ടുകാര്‍ തടഞ്ഞു.
ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്താതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ നാട്ടുകാര്‍ ഉറച്ചുനിന്നു. പോലീസും സ്ഥലത്തെത്തിയ എംഎല്‍എ സി. അജയപ്രസാദ് അടക്കമുള്ള ജനപ്രതിനിധികളും പലതവണ ചര്‍ച്ച നടത്തിയെങ്കിലും നാട്ടുകാര്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറാന് തയാറായില്ല.
നാലുമണിക്കൂറിലധികം സമയം പെരുമഴയത്ത് ടാര്‍പ്പയില്‍ മൂടിയ നിലയിലായിരുന്നു ബഷീറിന്റെ മൃതദേഹം അന്തര്‍സംസ്ഥാന പാതയില്‍ കിടന്നത്. തുടര്‍ന്ന് പുനലൂര്‍ ഡിഎഫ്ഒ സ്ഥലത്തെത്തിയെങ്കിലും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് അദ്ദേഹത്തെ തടഞ്ഞു. ഇത് ഏറെനേരം വാക്കേറ്റത്തിനും ഉന്തിനും തള്ളലതിനും സംഘര്‍ഷത്തിനും കാരണമായി.
ഒടുവില്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തില്‍ വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ ശാശ്വത പരിഹാരം കാണുമെന്നും ബഷീറിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും വനം വകുപ്പ് അധികൃതര്‍ ഉറപ്പുനല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
തുടര്‍ന്ന് കൊല്ലത്തുനിന്നെത്തിയ ഫോറന്‍സിക് സംഘത്തിന്റെ നേതൃത്വത്തില്‍ വിശദമായ പരിശോധനകള്‍ നടത്തി. മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുളത്തൂപ്പുഴ മസ്ജിദിൽ കബറടക്കി.
Tags : Kulathupuzha Basheer death Wild animal attack Kulathupuzha protest Forest department negligence DFO blockade