സഞ്ചരിക്കുന്ന റേഷൻ കട ഉദ്ഘാടനച്ചടങ്ങിന്റെ സംഘാടകസമിതി രൂപീകരണ യോഗം
വെള്ളരിക്കുണ്ട്: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സഞ്ചരിക്കുന്ന റേഷൻ കട പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് ഏഴിന് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും.
ബളാൽ പഞ്ചായത്തിലെ അരിങ്കല്ല്, വീട്ടിയോടി, പാൽച്ചുരംതട്ട്, അത്തിക്കടവ്, അരീക്കര, മാമ്പള്ളം, ചീറ്റക്കാൽ ഉന്നതികളെയും കള്ളാർ പഞ്ചായത്തിലെ ഓണി ഉന്നതിയേയും ഉൾപ്പെടുത്തിയാണ് ആദ്യത്തെ സഞ്ചരിക്കുന്ന റേഷൻ കട പ്രവർത്തിക്കുക.
പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദു, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം സഫീന ഫൈസൽ, ജില്ലാ സപ്ലൈ ഓഫീസർ എം. സുനിൽ കുമാർ, താലൂക്ക് സപ്ലൈ ഓഫീസർ ടി.പി. ശകുന്തള എന്നിവർ സംബന്ധിച്ചു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത ചെയർപേഴ്സണും വൈസ് പ്രസിഡന്റ് രാജു കട്ടക്കയം വർക്കിംഗ് ചെയർമാനുമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദു, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത എന്നിവർ രക്ഷാധികാരികളായിരിക്കും.
Tags : mobile ration shop