കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ഇന്നു ട്രാക്കുണരുമ്പോള്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്താനുള്ള തയാറെടുപ്പിലാണ് മലപ്പുറം. എന്നാല്‍, കഴിഞ്ഞ തവണ മലപ്പുറത്തിന് കിരീടം ഉറപ്പിച്ച സ്കൂളുകളില്‍ ഒന്നായ തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസ് ഇക്കുറി മത്സരത്തിനില്ലാത്തത് അവരുടെ കിരീട പ്രതീക്ഷയ്ക്കു നേരിയ മങ്ങലാണ്.
കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് നടന്ന കായികമേളയില്‍ ജില്ലയ്ക്കുവേണ്ടി പൊരുതിയത് ഐഡിയലും നാവാമുകുന്ദയുമായിരുന്നു. സ്കൂളുകളില്‍ ഒന്നാമതായി ഐഡിയലും മൂന്നാമതായി നാവാമുകുന്ദയും തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, ഇത്തവണ ഐഡിയല്‍ ഒറ്റയ്ക്കാണ്.
ആഭ്യന്തര പ്രശ്നങ്ങള്‍ നാവാമുകുന്ദയെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ സംസ്ഥാന മീറ്റില്‍ 22 സ്വര്‍ണവും 29 വെള്ളിയും 24 വെങ്കലവുമായി 247 പോയിന്റായിരുന്നു ജില്ലയ്ക്ക്. അതില്‍ 78 പോയിന്റ് ഐഡിയലും 57 പോയിന്റ് നാവാമുകുന്ദയും നേടിയതാണ്. പാലക്കാട് ജില്ല ഒന്നാമതായി മുന്നേറിയപ്പോള്‍, അവസാന ദിവസം നടന്ന റിലേയില്‍ അഞ്ചു മെഡലുകള്‍ വാരിക്കൂട്ടിയാണ് മലപ്പുറം കിരീടം ഉറപ്പിച്ചത്. ഇതിലും നാവാമുകുന്ദയുടെ കൈയൊപ്പുണ്ടായിരുന്നു.
നാവാമുകുന്ദയുടെ താരങ്ങളായ സി.കെ. ഫസലുല്‍ ഹഖും ആദിത്യ അജിയുമാണ് സീനിയര്‍ വിഭാഗം വ്യക്തിഗത ചാമ്പ്യന്മാരായത്. നാവാമുകുന്ദ മത്സരത്തിനില്ലാത്തത് മലപ്പുറത്തിന്റെ ഹാട്രിക് വിജയപ്രതീക്ഷയ്ക്ക് തിരിച്ചടിയാണ്. എന്നാല്‍, ഏറ്റവും കൂടുതല്‍ കുട്ടികളുമായാണ് ഐഡിയല്‍ (45 പേർ) ഇത്തവണ മത്സരത്തിനു വേണ്ടി എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പാലക്കാടും കീരിടപ്രതീക്ഷയുമായാണ് ട്രാക്കിലിറങ്ങിയിരിക്കുന്നത്.
ബിഗ് ടീം
45 അംഗ ടീമുമായാണ് മലപ്പുറം ജില്ലയിലെ ഐഡിയല്‍ സ്കൂള്‍ എത്തിയിരിക്കുന്നത്. ഇത്തവണ ഏറ്റവും കൂടുതല്‍ കുട്ടികളുമായി എത്തിയിരിക്കുന്നത് ഐഡിയല്‍ സ്കൂളാണ്. കായിക പരിശീലകന് ഷാഫി അമ്മായത്താണ്. ടോമി ചെറിയാന്, കെ.പി. അഖില്‍, ഹാരീസ് റഹ്മാന് തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്. ഇത്തവണ 10 ഗോള്‍ഡ് മെഡലും 90 പോയിന്റും നേടുമെന്നാണ് പ്രതീക്ഷയെന്ന് ഷാഫി അമ്മായത്ത് പറഞ്ഞു.
സീനിയര്‍ ഗേള്‍സ് വിഭാഗം പോള്‍വോള്‍ട്ടില്‍ ദേശീയ താരം കെ.എസ്. അമല്‍ചിത്ര, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സീനിയര്‍ ബോയ്സില് ഷാരോണ്‍, ജൂനിയര്‍ ബോയ്സ് 200 മീറ്ററില്‍ മാസില്‍, സീനിയര്‍ ബോയ്സ് ജാവലിന്‍ ത്രോയിലും പോള്‍വോൾട്ടിലും മത്സരിക്കുന്ന സുനീഷ് എന്നിവരിലാണ് മെഡല്‍ പ്രതീക്ഷ.