തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ രണ്ട് എസ്ഐടി കളെ നിയോഗിക്കും. ഇത് സംബന്ധിച്ച് നടപടികള്‍ പുരോഗമിക്കുകയാണ്.
വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം സര്‍ക്കാരിനോട് തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. മാസപ്പടി കേസിലും ഹവാല കേസിലും തിങ്കളാഴ്ചയാണ് വിജിലന്‍സ് രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്.
മാസപ്പടി കേസില്‍ പിണറായി വിജയന് ഒന്നാം പ്രതിയാണ്. ഹവാല കേസില്‍ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസുകളിലും വീണ പ്രതിയാണ്. രണ്ട് കേസുകളിലുമായി പന്ത്രണ്ട് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിലെ കൂടുതല്‍ വിവരങ്ങളും തെളിവുകളും ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കും
മാസപ്പടി കേസ്, ഹവാല കേസില്‍ ഉള്‍പ്പെട്ട പ്രതികളെല്ലാം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രമായാണ് പ്രവര്‍ത്തിച്ച് കുറ്റകൃത്യങ്ങള്‍ നടത്തിയിരിക്കുന്നതെന്ന ബോധ്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ രണ്ട് എസ്ഐടി രൂപവത്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേസന്വേഷണം വേഗത്തിലാക്കാനാണ് ഈ തീരുമാനം.
വിജിലന്‍സിന്റെ തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനു പുറമെ കൊച്ചി, കോഴിക്കോട് യൂണിറ്റിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മറ്റൊരു എസ്ഐടിക്കുകൂടി രൂപംനല്‍കും. മികച്ച് ട്രാക്ക് റിക്കാര്‍ഡ് ഉള്ള ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താനാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ തീരുമാനം. അതിനായി വിജിലന്‍സിനു പുറത്ത് ജോലി ചെയ്യുന്ന പോലീസ് ഓഫീസര്‍മാരെ വിജിലന്‍സിലേക്ക് നിയോഗിക്കാനുള്ള നടപടിക്രമങ്ങളും നടത്തുന്നുണ്ട്. എസ്ഐടി യുടെ വിശദ വിവരങ്ങള്‍ ആഭ്യന്തരവകുപ്പിനെ അറിയിക്കും.
സര്‍ക്കാര്‍ ഉത്തരവിനുശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. അതേസമയം ഹൈക്കോടതി വിധിക്കെതിരെ പിണറായി വിജയനും വീണയും മുഹമ്മദ് റിയാസും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
ഹൈക്കോടതി സിംഗിള്‍ ബഞ്ച് തന്റെ ഭാഗം കേള്‍ക്കാതെയാണ് തനിക്കെതിരെ വിജിലന്‍സിനോട് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടതെന്നാണ് പിണറായി അപ്പീലില്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിജിലന്‍സ് തിങ്കളാഴ്ച രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളിലും പിണറായി വിജയനെതിരെയും മുഹമ്മദ് റിയാസിനെതിരെയും ഗുരുതര കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്.