തിരുവനന്തപുരം: കോവളത്ത് പതിനാറുകാരി പീഡനത്തിനിരയായ കേസിൽ ഡ്രീംസ് സ്പായുടെ ബെനാമിയെന്ന് സംശയിക്കുന്ന നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം നഗരസഭയിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെയാണ് കോവളം പൊലിസ് അറസ്റ്റ് ചെയ്തത്. ഉളൂർ സെക്ഷൻ ഓഫീസിലാണ് ഇയാൾ ജോലി ചെയ്യുന്നത്.
ഡ്രീംസ് സ്പാ നടത്തിയിരുന്നത് അനുരൂപിന്റെ സുഹൃത്താണെങ്കിലും സ്ഥാപനത്തിലൂടെ ലഭിച്ച പണം മുഴുവൻ അനുരൂപിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയിരുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പതിനാറുകാരി ഏറ്റവും ഒടുവിൽ താമസിച്ചിരുന്നത് ഡ്രീംസ് സ്പായിലായിരുന്നു.
നേരത്തെ ഒരു ഡോക്ടറാണ് സ്ഥാപനം നടത്തിയിരുന്നത്. ഇയാളിൽനിന്ന് ലീസിന് ഏറ്റെടുത്താണ് അനുരൂപ് സ്പാ നടത്തിയിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ സ്പായുടെ നടത്തിപ്പും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം പുരോഗമിക്കുന്നത്.