ഫാസ്റ്റ് ഫുഡ് എന്നാൽ പെട്ടെന്നു തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം; ജീവിതത്തിരക്കിനിടയിൽ സൗകര്യപ്രദമായി കഴിക്കാവുന്ന ഭക്ഷണം(കണ്‍വീനിയന്റ് ഫുഡ്)എന്നർഥം; പത്തു മിനിറ്റിനകം തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം. ഉദാഹരണത്തിനു പൊറോട്ട ഫാസ്റ്റ് ഫുഡാണ്. അതിന്റെ കൂടെ കഴിക്കുന്ന ചില്ലി ബീഫ്, ചിക്കൻ ഫ്രൈ എന്നിവയും ഫാസ്റ്റ് ഫുഡാണ്. ചപ്പാത്തി ഫാസ്റ്റ് ഫുഡ് അല്ല. എന്നാൽ അതിനൊപ്പം കഴിക്കുന്ന ബട്ടർ ചിക്കൻ, ചില്ലി ചിക്കൻ തുടങ്ങിയവ ചൈനീസ് വിഭവങ്ങളാണെങ്കിലും അവയെയും ഫാസ്റ്റ് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്താം.
ആ രുചിക്കു പിന്നിൽ...
ഫാസ്റ്റ് ഫുഡിലെ പ്രധാന അപകടകാരി ഉപ്പാണ്. ചിലതരം ചൈനീസ് വിഭവങ്ങളിൽ രുചിക്കു വേണ്ടി സോയാസോസ് ചേർക്കാറുണ്ട്. അതിൽ ഉപ്പു കൂടുതലാണ്. ഉപ്പു കുറച്ചുപയോഗിക്കുക എന്നതാണ് ലോകാരോഗ്യസംഘടന മുന്നോട്ടു വയ്ക്കുന്ന നിർദേശം. എത്രത്തോളം ഉപ്പ് കുറച്ചുപയോഗിക്കുന്നുവോ അത്രത്തോളം സ്ട്രോക്കും ഉയർന്ന രക്തസമ്മർദവും തടയാനാകും എന്നതാണു വാസ്തവം.
അതുപോലെ തന്നെ ചൈനീസ് വിഭവങ്ങളിൽ രുചിക്കുവേണ്ടി ചേർക്കുന്ന അജിനോമോട്ടോയിലും സോഡിയം ഉണ്ട്. അജിനോമോട്ടോ ചേർത്ത വിഭവം ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ പ്രേരണ ഉണ്ടാകുന്നു.
രണ്ടു വയസുവരെ
രണ്ടു വയസുവരെ പ്രായമുളള കുട്ടികൾക്ക് ഇത്തരം ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ കൊടുക്കരുതെന്നു വിദഗ്ധർ നിർദേശിക്കുന്നു. ഈ പ്രായത്തിലാണു തലച്ചോറിന്റെ വളർച്ച നടക്കുന്നത്. ആ സമയത്ത് അജിനോമോട്ടോ പോലെയുളള അഡിറ്റീവ്സ് ചേർത്ത വിഭവങ്ങളോ ഡ്രിംഗ്സോ കുട്ടികളെക്കൊണ്ടു കഴിപ്പിക്കരുത്. വലിയ കുട്ടികൾ ഇത്തരം അഡിറ്റീവ്സ് ചേർത്ത വിഭവങ്ങൾ അപൂർവമായി കഴിക്കുന്നതിൽ തെറ്റില്ല. എന്നാൽ ശീലമാക്കരുത്. അത് ആരോഗ്യകരമല്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്