കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ദുരിതപൂര്‍ണമായ അവസ്ഥ കണ്ടിട്ടും പതറാത്തവര്‍ മനുഷ്യരല്ലെന്നു ഹൈക്കോടതി. അത്രയേറെ ഞെട്ടിക്കുന്ന അവസ്ഥയാണ് ഇവിടുത്തെ അന്തേവാസികള്‍ നേരിടുന്നത്. മൃഗങ്ങളെ പാര്‍പ്പിക്കാൻ പോലുമുള്ള സൗകര്യമില്ല. രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന മുറികളെ സെല്‍ എന്നൊന്നും പറയാനാകില്ല.
മതിയായ വെളിച്ചം കയറുന്നില്ല. അവര്‍ അനുഭവിക്കുന്ന ദുരിതം വാക്കുകളില്‍ വിവരിക്കാനാകില്ല. ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണു മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നടക്കുന്നതെന്നും ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും പണം തടസമാകരുതെന്നും കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം, തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിരീക്ഷണം. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രവും അടുത്ത ദിവസം ജഡ്ജിമാര്‍ നേരിട്ടു സന്ദര്‍ശിക്കും.
മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള പടി മുതല്‍ അന്തേവാസികളുടെ ദുരിതം തുടങ്ങുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടിടത്തും പഴയ നൂറ്റാണ്ടുകളിലെ അവസ്ഥയാണു നിലനില്‍ക്കുന്നത്.
സെല്ലിനുള്ളില്‍ മുറിയുടെ നടുക്കാണ് മറപോലുമില്ലാതെ ശൗചാലയം സ്ഥിതിചെയ്യുന്നത്. ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണു നിലവിലെ അവസ്ഥയിലെങ്കിലും സ്ഥാപനങ്ങളെ കൊണ്ടുപോകാനാകുന്നതെന്നും കോടതി പറഞ്ഞു.