മഹാരാഷ്ട്രയിലെ വാർധ ജില്ലയിലുള്ള തലേഗാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പൊലിസുകാർ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ മർദ്ദിച്ചു.
കോടതിയിൽ ഹാജരാക്കുന്നതിന് മുൻപുള്ള പരിശോധനയ്ക്കായി അഞ്ച് പൊലിസുകാരുടെ അകമ്പടിയോടെയാണ് ഖാദിർ അലി റസാഖ് അലി എന്ന പ്രതിയെ ആശുപത്രിയിലെത്തിച്ചത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ശ്രദ്ധ ഭുമ്രെ പരിശോധനകൾ പൂർത്തിയാക്കി ആവശ്യമായ രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം. ഒപ്പിട്ടയുടൻ പ്രകോപനമൊന്നുമില്ലാതെ പ്രതി ഡോക്ടറുടെ മുഖത്തടിക്കുകയായിരുന്നു.
ആശുപത്രി ജീവനക്കാരും രോഗികളും നോക്കിനിൽക്കെ നടന്ന ഈ ആക്രമണത്തിൽ ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥർ ഇടപെട്ട് പ്രതിയെ കീഴ്പ്പെടുത്തി.
മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് ഇയാൾ. ഈ സംഭവത്തെ തുടർന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടന ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതിക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും, പ്രതിയോടൊപ്പം ഉണ്ടായിരുന്ന പൊലിസുകാരുടെ ഭാഗത്തുനിന്നുമുണ്ടായ സുരക്ഷാ വീഴ്ചയിൽ ഉചിതമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഗസറ്റഡ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.
ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ഒപി സേവനങ്ങൾ പൂർണമായും നിർത്തിവെക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊലിസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ പരിശോധിക്കുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ചോദ്യം ചെയ്യുന്നതാണ് ഈ സംഭവം.