കടുത്തുരുത്തി: മഴയ്ക്കൊപ്പമെത്തിയ ഇടിമിന്നലില്‍ കനത്ത നാശം. കോതനല്ലൂരില്‍ ഫാമിലെ പശു ചത്തു. വീട്ടിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു. കാരിക്കോട് മിന്നലില്‍ വീടിന്റെ തറയുടെ ടൈലുകള്‍ പൊട്ടിത്തെറിച്ചു. ഫാമില്‍ കെട്ടിയിരുന്ന കറവപ്പശുവാണ് മിന്നലേറ്റ് ചത്തത്. വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും നശിച്ചു. കോതനല്ലൂര്‍ ചാമക്കാലാ ഓട്ടപ്പള്ളില്‍ ജേക്കബ് ജയിംസിന്റെ പശുവാണ് ചത്തത്. കഴിഞ്ഞദിവസം രാത്രി ഏഴോടെയാണ് അപകടം.
ഫാമില്‍ 25 പശുക്കളും മൂന്ന് കിടാക്കളുമുണ്ട്. മിന്നലില്‍ വീടിന്റെ ഇലക്ട്രി കേബിളുകളും സ്വിച്ച് ബോര്‍ഡുകളും പൊട്ടിത്തെറിച്ചു പ്രദേശത്ത് പുകയും തീയും ഉയര്‍ന്നു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 70,000 രൂപയോളം വിലവരുന്ന പശുവാണ് ചത്തതെന്ന് വീട്ടുകാര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ജഡം മറവു ചെയ്തു. വീട്ടിലെ ഫാനുകളും മീറ്റര്‍ ബോക്സുകളും തകര്‍ന്നു.
കാരിക്കോട് നടുക്കാവുങ്കല് ശിവദാസന്‍ നായരുടെ വീട്ടിലും ഇടിമിന്നല്‍ നാശംവിതച്ചു. മിന്നലില്‍ വീടിന്റെ തറയിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു. ഗൃഹോപകരണങ്ങളും വയറിംഗും കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചോടെയുണ്ടായ ഇടിമിന്നലാണ് അപകടമുണ്ടാക്കിയത്. സംഭവം നടക്കുമ്പോള്‍ ശിവദാസന്‍ നായരും ഭാര്യ കമലയും വീട്ടിലുണ്ടായിരുന്നു. ടൈലുകള്‍ പൊട്ടിത്തെറിച്ചതോടെ ദമ്പതികള്‍ പുറത്തേക്ക് ഓടി. വീട്ടിലെ വയറിഗും സ്വിച്ച് ബോര്‍ഡുകളും പൊട്ടിത്തെറിച്ചു. ഫ്രിഡ്ജും വാഷിംഗ് മെഷീനും അമിത വൈദ്യുതി പ്രവാഹത്തില്‍ കത്തിനശിച്ചു. ശിവദാസന്‍ നായരുടെ ചെവിക്ക് പരിക്കേറ്റു.