പാടാംകവല: മലയോരത്ത് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിച്ചു. പാടാംകവല പള്ളിക്ക് സമീപം ബെന്നി മഞ്ഞളിയിൽ, മഞ്ഞക്കുഴയിൽ ലീല, രാജേഷ് എന്നിവരുടെ തെങ്ങ്, വാഴത്തോട്ടം എന്നിവയാണ് നശിപ്പിച്ചത്.
ഇന്നലെ പുലർച്ചെ ബെന്നിയുടെ രണ്ടേക്കറോളം വരുന്ന വാഴത്തോട്ടത്തിലെത്തിയ കാട്ടാനക്കൂട്ടം 250ഓളം വാഴകൾ ചവിട്ടിയും ഒടിച്ചും നശിപ്പിച്ചു. ഞായറാഴ്ച രാത്രിയും ബെന്നിയുടെ തോട്ടത്തിൽ കാട്ടാനകൾ എത്തിയിരുന്നു. ആൾത്തമസമില്ലാത്ത മഞ്ഞക്കുഴയിൽ ലീലയുടെ വീട്ടുമുറ്റത്തെ രണ്ട് തെങ്ങുകൾ പിഴുത് നശിപ്പിച്ചു. രാജേഷിന്റെ വാഴകളും നശിപ്പിച്ചശേഷം പുലർച്ചെയോടെയാണ് ആനക്കൂട്ടം കാട് കയറിയത്.
പാടാംകവല വനം വകുപ്പിന്റെ ഓഫിസിന്റെ തൊട്ടടുത്താണ് കാട്ടാനകൾ നാശം വിതച്ചത്. ബെന്നിയുടെ പറമ്പിന്റെ മുകളിൽ സ്വകാര്യ വ്യക്തിയുടെ കാടുകയറിയ പറമ്പിലാണ് കാട്ടാന തമ്പടിച്ചത്. പാടാംകവല, കൻമദപ്പാറ, കാഞ്ഞിരക്കൊല്ലി, മുക്കുഴി, ചീത്തപ്പാറ ഭാഗങ്ങൾ കടുത്ത കാട്ടാന ഭീതിയിലാണ്. പുല്ലരിയാൻ ചെന്ന ബിന്ദു ജോസഫ് എന്ന വീട്ടമ്മ കഴിഞ്ഞ ദിവസം ആനക്കൂട്ടത്തിൽനിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വനാതിർത്തിഗ്രാമമായ ഇവിടെ കാട്ടാനകളെ പ്രതിരോധിക്കാനായി കോടികൾ മുടക്കി ഫെൻസിംഗ് ഒരുക്കിയിരുന്നെങ്കിലും ഇതു തകർത്താണ് ആനകൾ കൃഷിയിടങ്ങളിലെത്തിയത്.
വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാനകളെ പ്രതിരോധിക്കാനായി ഫെൻസിംഗ് ക്രാഷ്ഗാർഡിനോട് ചേർന്നുള്ള ഷോക്ക് സംവിധാനം ഒരുമീറ്റർകൂടി ഉയർത്തണമെന്നും ലൈറ്റും നിരീക്ഷണ കാമറയും ഒരുക്കണമെന്നും വനപാലകരോട് കർഷകർ ആവശ്യപ്പെട്ടു.
കാട്ടാനകൾക്ക് പുറമേ കുരങ്ങ്, മയിൽ, മാൻ, കാട്ടുപന്നി തുടങ്ങി വന്യമൃഗശല്യവും പ്രദേശത്ത് രൂക്ഷമാണ്.ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ കൃഷിമന്ത്രിയും വനംമന്ത്രിയും വിഷയത്തിൽ ഇടപെട്ട് അടിയന്തര നടപടികൽ സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. വന്യജീവി ശല്യം തടയാൻ വനാതിർത്തിയിൽ സ്ഥിരം പട്രോളിംഗ് സംവിധാനം ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.