കോഴിക്കോട്: ഉയരം കൂടുതലുള്ള കെട്ടിടങ്ങളില്‍ തീപിടിത്തം അടക്കമുള്ള ദുരന്തങ്ങളുണ്ടാവുമ്പോള്‍ നോക്കുകുത്തിയായി നില്‍ക്കേണ്ടി വരുന്ന കേരള അഗ്നിരക്ഷാസേനയുടെ ഗതികേട് ഒഴിവാകുന്നു.
60 മീറ്റര്‍ ഉയരമുള്ള അത്യാധുനിക ഏരിയല്‍ ലാഡര്‍ പ്ലാറ്റ്ഫോം വാങ്ങുന്നതിന്റെ ഭാഗമായി അന്തിമ പരിശോധന നടത്തി തീരുമാനമെടുക്കുന്നതിനായി മൂന്നംഗ ഉന്നതതല സംഘം ഉടന്‍ ഫിന്‍ലന്‍ഡിലേക്കു യാത്ര തിരിക്കും.
അഗ്നിരക്ഷാസേന ഡയറക്ടര്‍ ജനറല്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, ടെക്നിക്കല്‍ ഡയറക്ടര്‍ എം. നൗഷാദ്, റീജണല്‍ ഫയര്‍ ഓഫിസര്‍ കെ. അബ്ദുള്‍ റഷീദ് എന്നിവരടങ്ങുന്ന സംഘത്തിന് ആഭ്യന്തരവകുപ്പ് യാത്രാനുമതി നല്കി. ഫിന്‍ലന്‍ഡിലെ പ്രശസ്ത നിര്‍മാതാക്കളായ ബ്രോന്റോ സ്കൈലിഫ്റ്റ് കമ്പനിയില്‍നിന്നാണ് 15 കോടി രൂപ ചെലവു വരുന്ന ഏരിയല്‍ ലാഡര്‍ പ്ലാറ്റ്ഫോം വാങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഫിന്‍ലന്‍ഡിലെ ടാംപെറെയിലുള്ള കമ്പനിയുടെ നിര്‍മാണ യൂണിറ്റില്‍ കേരള ഉദ്യോഗസ്ഥ സംഘത്തിനായി പ്രീ-ഡിസ്പാച്ച് ഇന്സ്പെക്ഷനും അന്തിമ പ്രവര്‍ത്തനക്ഷമത പരിശോധനയും നടത്തും. ഉദ്യോഗസ്ഥ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്ക് അധികം താമസില്ലാതെ ലാഡര്‍ കേരളത്തില്‍ എത്തിയേക്കും.
60 മീറ്റര്‍ പ്രവര്‍ത്തന ഉയരമുള്ള ലാഡറാണു സര്‍ക്കാര്‍ വാങ്ങാനുദ്ദേശിക്കുന്നത്. ആറു ദിവസത്തെ ഫിന്‍ലന്‍ഡ് സന്ദര്‍ശനത്തിനു വരുന്ന ചെലവ് ലാഡറിന്റെ തുകയില്‍ കുറയ്ക്കും. വോള്‍വോ 8 ഇന്റു 4 എഫ്എംഎക്സ് 460 യൂറോ 6 ഷാസിയിലാണ് ലാഡര്‍ സജ്ജമാക്കുന്നത്.
അടുത്തിടെ ഉയര്‍ന്ന കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനം അഗ്നിരക്ഷാസേനയ്ക്കു കടുത്ത വെല്ലുവിളിയായിരുന്നു. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സ്ഥാപനങ്ങളിലും നഗരത്തിലെ പ്രമുഖ വസ്ത്രാലയത്തിലും തീപിടിത്തമുണ്ടായപ്പോള്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍നിന്നുള്ള അത്യാധുനിക വാഹനങ്ങളെ അഗ്നിരക്ഷാസേനയ്ക്ക് ആശ്രയിക്കേണ്ടി വന്നിരുന്നു.
ഏരിയല്‍ ലാഡര്‍ പ്ലാറ്റ്ഫോം
ബഹുനില മന്ദിരങ്ങളിലും ഉയര്‍ന്ന കെട്ടിടങ്ങളിലും ഉണ്ടാകുന്ന തീപിടിത്തങ്ങള്‍ അണയ്ക്കുന്നതിനും ആളുകളെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിനുമായി വിദേശരാജ്യങ്ങളില്‍ അഗ്നിരക്ഷാസേന ഉപയോഗിക്കുന്ന അത്യാധുനിക വാഹന സംവിധാനമാണിത്.
വളരെ ഉയര്‍ന്ന കെട്ടിടങ്ങളിലേക്കു വരെ നീട്ടാന്‍ കഴിയുന്ന ടെലിസ്കോപ്പിക് ലാഡറും അതിന് മുകളില്‍ ആളുകളെ കയറ്റി നിര്‍ത്തി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന വലിയ പ്ലാറ്റ്ഫോമും വാഹനത്തിലുണ്ടാകും.
പ്ലാറ്റ്ഫോമില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ കാനോണുകള് വഴി ഉയര്‍ന്ന നിലകളിലേക്കു നേരിട്ട് ഉയര്‍ന്ന മര്‍ദത്തില്‍ വെള്ളമോ ഫോമോ ചീറ്റിക്കാന്‍ കഴിയും. കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ താഴേക്കു സുരക്ഷിതമായി ഇറക്കാന്‍ ലാഡര്‍ സഹായകരമാകും.