തിരുവനന്തപുരം: അടുത്ത മാസം മുതൽ 2027 മേയ് 15 വരെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള കരാറുകൾക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകിയെങ്കിലും സെപ്റ്റംബർ 30 വരെയുള്ള പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായില്ല.
ഇതോടെ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള വൈദ്യുതി നിയന്ത്രണം അടുത്ത രണ്ടാഴ്ചകൂടി തുടർന്നേക്കും. കൂടുതൽ വില നൽകി വാങ്ങാൻ തയാറാണെങ്കിലും പവർ എക്സ്ചേഞ്ചിൽനിന്ന് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമാണ് കേരളത്തിന് ഇരുട്ടടിയായിരിക്കുന്നത്.
വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെയാണ് എട്ടു കന്പനികളുമായി ഒക്ടോബർ മുതൽ കരാറുണ്ടാക്കാനുള്ള കെഎസ്ഇബിയുടെ അപേക്ഷയ്ക്ക് റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയത്. യൂണിറ്റിന് ശരാശരി 10.04 രൂപ നൽകി വൈദ്യുതി വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്.
അടുത്ത മാസം 9.99 രൂപ നിരക്കിൽ 88 മെഗാവാട്ട് വാങ്ങാനും നവംബറിൽ 9.42 രൂപ നിരക്കിൽ 240 മെഗാവാട്ടും ഡിസംബറിൽ 9.42 രൂപ നിരക്കിൽ 384 മെഗാവാട്ടും ജനുവരിയിൽ 9.40 രൂപ നിരക്കിൽ 295 മെഗാവാട്ടും ഫെബ്രുവരിയിൽ 9.40 രൂപ നിരക്കിൽ 331 മെഗാവാട്ടും വൈദ്യുതി വാങ്ങാനുള്ള അനുമതിയാണ് ഇപ്പോൾ കെഎസ്ഇബിക്കു ലഭിച്ചിട്ടുള്ളത്.
ഇതിനു പുറമെ പതിവ് മാനദണ്ഡങ്ങൾക്കു വിരുദ്ധമായി മാർച്ചിൽ 10.50 രൂപയ്ക്കും ഏപ്രിൽ, മേയ് മാസങ്ങളിൽ 11 രൂപ മുതൽ 12.50 രൂപ വരെ നൽകിയും പുറത്തു നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാറുകൾക്കും കമ്മിഷൻ അനുമതി നൽകി. വൈകുന്നേരം 6.30 മുതൽ അർധരാത്രി 12 വരെയുള്ള പീക്ക് സമയത്താണ് ഈ നിരക്കുകൾ നൽകി വൈദ്യുതി വാങ്ങുക.
അതേസമയം രാത്രി 12നു ശേഷം പുലർച്ചെ അഞ്ചുവരെ ഇതേ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ കമ്മിഷൻ തള്ളുകയും ചെയ്തു.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലാണ് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ അനുമതി നൽകുന്നതെന്നും കമ്മിഷൻ വ്യക്തമാക്കി.