തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലതാമസത്തിന് ഒരു പരിധിവരെ പരിഹാരമാകുന്നു. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കേസുകളുടെയും അവയിന്മേലുള്ള അന്വേഷണങ്ങളുടെയും വിവരങ്ങള്‍ ഇനിമുതല്‍ ഡിജിറ്റല്‍ ഡേറ്റാ രൂപത്തില്‍ ലഭിക്കും.
വിജിലന്‍സ് ആൻഡ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ നവീകരിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ വിഎസിബി സ്യൂട്ട് 3.0 ആണ് സംസ്ഥാന വിജിലന്‍സിനെ ഹൈടെക് ആക്കി മാറ്റിയിരിക്കുന്നത്. വിഎസിബി സ്യൂട്ട് 3.0 യുടെ ഉദ്ഘാടനം ആഭ്യന്തര വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു.
വിജിലന്‍സ് കേസുകളുടെ അന്വേഷണത്തിനും ഏകോപനത്തിനും വേണ്ടിയുള്ള ഒരു സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് വിഎസിബി സ്യൂട്ട് 3.0 എന്ന് മന്ത്രി അറിയിച്ചു. രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്വഹണവേഗം, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവയാണു പുതിയ സംവിധാനത്തിന്റെ സവിശേഷതകള്‍. പൂര്‍ണമായും ബ്യൂറോയിലെതന്നെ സാങ്കേതിക വിദഗ്ധരാണ് ഇത് വികസിപ്പിച്ചെടുത്തത് എന്ന സവിശേഷതയും ഉണ്ട്.
വിഎസിബി സ്യൂട്ട് 3.0 യുടെ ഉപയോഗത്തിനായുള്ള മാനുവലിന്റെ പ്രകാശനം, പുതുതായി രൂപകല്പന ചെയ്ത യൂണിഫോമിന്റെ വിതരണം എന്നിവയും ആഭ്യന്തരമന്ത്രി നിര്‍വഹിച്ചു. രാഷ്ട്രപതിയുടെ പുരസ്കാരങ്ങള്‍ നേടിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കുള്ള ബാഡ്ജ് ഓഫ് ഹോണറിന്റെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
തൈക്കാട് പൊലിസ് ട്രെയിനിംഗ് കോളജിലെ മൈന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പൊലിസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ അധ്യക്ഷത വഹിച്ചു.
ഡിജിപിയും വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുമായ മനോജ് ഏബ്രഹാം, ആഭ്യന്തരവകുപ്പ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രന്, വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ആസ്ഥാനത്തെ എസ്പി എസ്.ആര് ജ്യോതിഷ് കുമാര്‍, വിജിലന്‍സ് ഇന്റലിജന്‍സ് എസ്പി ഉജ്വല്‍ കുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.