അറ്റ്ലാന്റയിലെ തിരക്കേറിയ ഹൈവേ ഓവർപാസിന് മുകളിൽ സിനിമാരംഗങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലുണ്ടായ കാറപകടത്തിൽ നിന്നും ഇരുപത്തൊന്നുക്കാരനായ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
സെപ്റ്റംബർ ആറിന് വിൻഡ്സർ സ്ട്രീറ്റിന് സമീപമുള്ള അന്തർസംസ്ഥാന പാതയിലാണ് കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള സംഭവം അരങ്ങേറിയത്.
നിയന്ത്രണം വിട്ട മെഴ്സിഡസ് ബെൻസ് എസ്യുവി മീഡിയനിലെ കോൺക്രീറ്റ് തടസത്തിൽ ശക്തിയായി ഇടിച്ചുകയറി അന്തരീക്ഷത്തിലേക്ക് ഉയരുകയും, ഓവർപാസിന് താഴെയുള്ള ബീമുകൾക്കിടയിൽ ചെന്നു പതിയ്ക്കുകയുമായിരുന്നു.
നിലത്തുനിന്ന് ഏകദേശം 20 അടിയോളം ഉയരത്തിൽ കോൺക്രീറ്റ് തൂണുകൾക്കിടയിൽ വശങ്ങളിലേക്ക് ചരിഞ്ഞു കുടുങ്ങിപ്പോയ വാഹനത്തിനുള്ളിൽ നിന്നും ഡ്രൈവറുടെ കാലുകൾ പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന കാഴ്ച കണ്ട് മറ്റ് യാത്രക്കാർ പരിഭ്രാന്തരായി.
ട്രാഫിക് തടസം കണ്ട് റോഡ് പണിയാണെന്ന് കരുതിയ വാഹനയാത്രികർ മുകളിലേക്ക് നോക്കിയപ്പോഴാണ് അപകടത്തിന്റെ ഭീകരത തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ താഴെയുണ്ടായിരുന്ന നാട്ടുകാർ യുവാവിന് ധൈര്യം പകരുകയും രക്ഷാപ്രവർത്തകർ എത്തുന്നതുവരെ കാറിനുള്ളിൽ അനങ്ങാതെയിരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
പരിഭ്രാന്തിക്കിടയിലും താഴെ നിന്നവരുടെ വാക്കുകളോട് പ്രതികരിച്ച ഡ്രൈവർ പൂർണ ബോധവാനായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അറ്റ്ലാന്റ ഫയർ റെസ്ക്യൂ സംഘവും പൊലിസും ചേർന്ന് അതിസാഹസികമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഏതാനും നിമിഷത്തെ അശ്രദ്ധ വലിയ ദുരന്തത്തിന് വഴിവെക്കുമായിരുന്ന സാഹചര്യത്തിൽ, വാഹനം കൂടുതൽ താഴേക്ക് പതിക്കാതിരിക്കാൻ ആദ്യം വാഹനം സുരക്ഷിതമായി ഉറപ്പിച്ചുനിർത്തി.
തുടർന്നാണ് അപകടത്തിൽപ്പെട്ട യുവാവിനെ പുറത്തെത്തിച്ചത്. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഡ്രൈവർക്ക് ഗുരുതര പരിക്കുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല. ആരോഗ്യനില തൃപ്തികരമാണെങ്കിലും കൂടുതൽ വൈദ്യപരിശോധനകൾക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
പിന്നീട് വലിയ ക്രെയിൻ ഉപയോഗിച്ചാണ് ബീമുകൾക്കിടയിൽ ഉറച്ചുപോയ വാഹനം താഴെയിറക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതിനോടകം തന്നെ ഈ അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.