നിലമ്പൂര്‍: ഇഎസ്എ കരട് വിജ്ഞാപനത്തില്‍ നിലമ്പൂര്‍ താലൂക്കിലെ 11 വില്ലേജുകളെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചും ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ ഇന്ന് മലയോര ഹര്‍ത്താല്‍ ആചരിക്കും.
രാവിലെ ആറ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ഹര്‍ത്താല്‍. കടകള്‍ അടച്ചും ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെച്ചും സഹകരിക്കണമെന്ന് സമിതി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
നിലമ്പൂര്‍ നഗരസഭ, കരുവാരകുണ്ട്, എടക്കര, വഴിക്കടവ്, പോത്തുകല്ല്, ചുങ്കത്തറ, ചാലിയാര്‍, മൂത്തേടം, ചോക്കാട്, അമരമ്പലം, കരുളായി, കാളികാവ് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.
ഹര്‍ത്താലിന് മുന്നോടിയായി നിലമ്പൂരില്‍ ഇന്നലെ രാത്രിയോടെ പ്രതിഷേധ പ്രകടനം നടത്തി. സിപിഎം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി കെ. മോഹന്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് സ്കറിയാ ക്നാത്തോപ്പില് എന്നിവര്‍ പ്രസംഗിച്ചു.
സിപിഎം ഏരിയാ സെന്റര്‍ അംഗം കക്കാടന്‍ റഹീം, ലോക്കല്‍ സെക്രട്ടറി വെട്ടുമ്മല്‍ ശ്രീധരന്, പി.വി. ഇസ്മായില്‍, പടവെട്ടി ബാലകൃഷ്ണന്, ടി. ഹരിദാസന്, സംഗീത് കോവിലകത്തുമുറി, ദീപക് എന്നിവര്‍ നേതൃത്വം നല്കി.
ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം; വിവിധയിടങ്ങളില്‍ പ്രകടനം
എടക്കര: മലയോര സംരക്ഷണ സമിതി ആഹ്വാനം ചെയ്ത മലയോര ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാടെങ്ങും പ്രകടനങ്ങള്‍ .
മൂത്തേടം കാരപ്പുറം അങ്ങാടിയില്‍ നടന്ന പ്രകടനത്തില്‍ മലയോര സംരക്ഷണ സമിതി ഭാരവാഹികളായ വി.കെ. ഷാനവാസ്, പനോലന് ബഷീര്‍, പി. രായിന്‍, ജെ.എം. ഷെബീബ്, എന്‍.പി. മജീദ്, വി.വൈ. ജംഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. പോത്തുകല്ല് അങ്ങാടിയില്‍ നടന്ന പ്രകടനത്തില്‍ സമിതി ഭാരവാഹികളായ മുസ്തഫ പാക്കട, എ. അനസ്, പി.വി. രാജു എന്നിവര്‍ പ്രസംഗിച്ചു.
വഴിക്കടവ് പഞ്ചായത്തങ്ങാടിയില് നടന്ന പ്രകടനത്തില്‍ ഭാരവാഹികളായ എം.ടി. അലി, ശറഫുദ്ദീന്‍ മണിമൂളി, വി. വിനയചന്ദ്രന്, പി.ടി. ഉഷ, സി.എസ്. സുരേഷ്, പി.സി. നാഗന് എന്നിവര്‍ പ്രസംഗിച്ചു. മരുത നാരോക്കാവില്‍ നടന്ന പ്രകടനത്തിന് കെ.ടി. വര്‍ഗീസ്, ടി.കെ. സക്കീര്‍ ഹുസൈന്, കെ.എം. മോഹനന്, എം.എച്ച്. കിഫ്ലി എന്നിവര്‍ നേതൃത്വം നല്കി പ്രസംഗിച്ചു. മഞ്ചക്കോട് നടന്ന പ്രകടനത്തിന് എം. ശിഹാബ്, കെ.കെ. ഗോപി എന്നിവര്‍ നേതൃത്വം നല്കി.