തിരുവനന്തപുരം: ഹിമാചല്‍ വൈദ്യുതി വാങ്ങല്‍ കരാറുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങള്‍ അസാധുവാക്കുന്ന തെളിവുകള്‍ പുറത്ത്. യൂണിറ്റിന് 12.50 രൂപ നിരക്കില്‍ വൈദ്യുതി നല്കാന് ഹിമാചല്‍ തയാറായിരുന്നെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ ഖണ്ഡിക്കുന്ന രേഖകളാണ് ഇന്നലെ പുറത്തു വന്നത്.
കെഎസ്ഇബി ചെയര്മാന് ആവശ്യപ്പെട്ടതു പ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന് നേരിട്ട് ഹിമാചല്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടും യൂണിറ്റിന് 14.50 രൂപ എന്ന നിരക്ക് കുറയ്ക്കാന്‍ ഹിമാചല്‍ തയാറായില്ലെന്ന് തെളിയിക്കുന്നതാണ് രേഖ.
കെഎസ്ഇബി ചെയര്‍മാനായിരുന്ന രാജമാണിക്യം വൈദ്യുതി വാങ്ങല്‍ കരാറുമായി ബന്ധപ്പെട്ട ഫയലില്‍ എഴുതിയ നോട്ടിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. രാജസ്ഥാന് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ 15 രൂപ നിരക്കില്‍ തങ്ങളില്‍നിന്ന് ക്കേ, കേരളത്തിന് വില കുറച്ച് വൈദ്യുതി നല്കാന് കഴിയില്ലെന്ന നിലപാടാണ് ഹിമാചല്‍ വൈദ്യുതി ബോര്‍ഡ് സ്വീകരിച്ചത്.
ഹിമാചല്‍ മുഖ്യമന്ത്രിയെ നേരിട്ട് ഫോണില്‍ വിളിച്ചു മുഖ്യമന്ത്രി വി.ഡി. സതീശന് ചര്‍ച്ച നടത്തി. പത്തു രൂപയ്ക്കു താഴെ കേരളത്തിനു വൈദ്യുതി നല്‍കണമെന്ന ആവശ്യമാണ് കേരളം ചര്‍ച്ചയില്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂലമായ സമീപനമുണ്ടായില്ല. 12.50 രൂപ നിരക്ക് സംബന്ധിച്ച് ഹിമാചല്‍ അധികൃതര്‍ രേഖാമൂലം ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും കെഎസ്ഇബി ചെയര്‍മാന്റെ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹിമാചലിന്റെ നിര്‍ദേശം പവര്‍ ട്രേഡിംഗ് കോര്പറേഷന് (പിടിസി) വഴിയാണ് ലഭിച്ചത്. ഇടനിലക്കാരന്റെ മാര്‍ജിനും കൂടി ഉള്‍പ്പെടുത്തുമ്പോള്‍ യൂണിറ്റിന് 14.50 രൂപ നിരക്ക് നല്‍കേണ്ടി വരുമെന്നും ഇത് കേരളത്തിന് അധിക ബാധ്യതയുണ്ടാക്കുമെന്നുമുള്ള നിലപാടാണ് മുഖ്യമന്ത്രി തുടക്കംമുതല്‍ സ്വീകരിച്ചത്. എന്നാല്‍ ഹിമാചല്‍ 12.50 രൂപ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് സമ്മതിച്ചിട്ടും ജിഎന്എയുമായുള്ള കരാറിലേക്ക് പോകാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുത്തത് സംശയമുണ്ടാക്കുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന് പ്രധാനമായും ഉന്നയിച്ചത്.
അതേസമയം, ഹിമാചല്‍ വൈദ്യുതി വാങ്ങുന്നതാണ് സംസ്ഥാനത്തിന് കൂടുതല്‍ പ്രയോജനകരമെന്നായിരുന്നു കെഎസ്ഇബിയുടെയും വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെയും നിലപാട്. ജിഎന്‍എ എനര്‍ജി വഴി 500 മെഗാവാട്ട് വൈദ്യുതി 24 മണിക്കൂറും യൂണിറ്റിന് 8.63 രൂപ നിരക്കില്‍ വാങ്ങാനുള്ള നിര്‍ദേശത്തെയാണ് മുഖ്യമന്ത്രി പിന്തുണച്ചത്.
എന്നാല്‍ പീക്ക് സമയത്തെ ലഭ്യതയും അധിക വൈദ്യുതി വാങ്ങേണ്ടിവരുന്ന ചെലവും പരിഗണിക്കുമ്പോള്‍ ജിഎന്‍എ കരാര്‍ അധിക ബാധ്യതയുണ്ടാക്കുമെന്നാണ് കെഎസ്ഇബിയുടെ വാദം.
സിന്നാര്‍ വൈദ്യുതി: നടപടി വേഗത്തിലാക്കാൻ കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി വാങ്ങല്‍ കരാറുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ സിന്നാര്‍ വൈദ്യുതി കരാർ നടപടികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ കെഎസ്ഇബി.
വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭ്യമായിട്ടും സിന്നാര്‍ താപവൈദ്യുതി നിലയത്തില്‍നിന്ന് 25 വര്‍ഷത്തേക്ക് 540 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കരാര്‍ വൈകിപ്പിക്കുന്നതില്‍ കെഎസ്ഇബിക്കെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു.
യൂണിറ്റിന് 5.18 രൂപ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്ന കരാറിന് റെഗുലേറ്ററി കമ്മീഷന് അനുമതി നല്കി ഒന്നര മാസം പിന്നിട്ടിട്ടും കെഎസ്ഇബി തുടരുന്ന മെല്ലെപ്പോക്കാണ് വിമര്‍ശനത്തിനിടയാക്കിയത്.
എന്നാല്‍ ഇത് സാങ്കേതികമായ കാലതാമസം മാത്രമാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍തന്നെ പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് ഒപ്പുവയ്ക്കാന്‍ കഴിയുമെന്നുമാണ് കെഎസ്ഇബി വൃത്തങ്ങള്‍ നല്കുന്ന വിവരം. ഈ ആഴ്ച തന്നെ കെഎസ്ഇബി പ്രതിനിധികള്‍ താപനിലയം സന്ദര്‍ശിക്കും.
അടുത്ത 25 വര്‍ഷത്തേക്ക് മഹാരാഷ്ട്രയിലെ സിന്നാര്‍ താപനിലയത്തില്‍നിന്ന് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കാന്‍ സഹായകമാകുന്നതാണ് കരാര്‍. കരാര്‍ പ്രകാരം 2027 ജനുവരിയില്‍ 270 മെഗാവാട്ടും മാര്‍ച്ചില്‍ 270 മെഗാവാട്ടും ഉള്‍പ്പെടെ 540 മെഗവാട്ട് കേരളത്തിനു ലഭ്യമാകും. സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ കരാര്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.