കാഠ്മണ്ഡു: നേപ്പാളിൽ വൻ നാശം വിതച്ച മിന്നൽ പ്രളയത്തെ ‘ഹിമാലയൻ സുനാമിഎന്നു വിശേഷിപ്പിച്ച് വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ. ഈ പ്രതിസന്ധിഘട്ടത്തിൽ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച അയൽരാജ്യങ്ങൾക്കും അന്താരാഷ്ട്ര സമൂഹത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
കാഠ്മണ്ഡുവിൽ നയതന്ത്ര ഉദ്യോഗസ്ഥർക്കായി വിളിച്ചുചേർത്ത വിശദീകരണ യോഗത്തിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സമീപകാല ചരിത്രത്തിലൊന്നും ഇത്തരമൊരു വൻ ദുരന്തം നമ്മൾ കണ്ടിട്ടില്ലാത്തതിനാൽ ഈ ദുരന്തത്തെ ‘ഹിമാലയൻ സുനാമി’എന്നു വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു-അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് ഈ വിഷയത്തിൽ നേപ്പാൾ തുടർന്നും സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാർ, നയതന്ത്ര പ്രതിനിധികൾ, ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, ഐക്യരാഷ്ട്രസഭ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതിയെക്കുറിച്ചും വിദേശപൗരന്മാരുടെ സുരക്ഷയെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ദുരന്തബാധിതപ്രദേശങ്ങളിൽ തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമാക്കി സ്വദേശികളുടെയും വിദേശികളുടെയും ജീവൻ രക്ഷിക്കുകയെന്നതാണു സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.