ജയ്പുർ: രാജസ്ഥാനിൽ രാഷ്ട്രീയ തിരിച്ചുവരവിന്റെ പാതയിലാണ് സിപിഎം. ഒരുകാലത്ത് കർഷകപ്രക്ഷോഭങ്ങളിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സാന്നിധ്യമറിയിച്ച സിപിഎമ്മിന് വീണ്ടും ജനങ്ങൾക്കിടയിൽ സ്വാധീനം വർധിക്കുന്നു എന്ന സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ തരുന്നത്.
2026-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിക്കാനീർ ജില്ലയിലെ നോഖ നഗരസഭയിൽ അധികാരം പിടിച്ചെടുത്തതാണ് സിപിഎമ്മിന്റെ ഏറ്റവും ശ്രദ്ധേയമായ നേട്ടം.
ബിജെപിയെ അക്ഷരാർഥത്തിൽ ഞെട്ടിച്ച മുന്നേറ്റമാണ് സിപിഎം നടത്തിയത്. ആകെയുള്ള 45 സീറ്റുകളിൽ 29 എണ്ണവും സ്വന്തമാക്കിയ പാർട്ടി ബിജെപിയെ 13 സീറ്റുകളിലേക്ക് ഒതുക്കി.
ഇതിനു പുറമെ നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം സിപിഎമ്മിന് നേട്ടമുണ്ടാക്കാനായി. 192 സ്ഥാനാർഥികളെ മത്സരിപ്പിച്ച പാർട്ടിക്ക് വിവിധ നഗരസഭകളിലായി നാൽപ്പതോളം വിജയങ്ങൾ നേടാനായതായി സംസ്ഥാന നേതൃത്വം അറിയിച്ചു.
നവംബർ 20ന് പുറത്തുവന്ന ഗ്രാമീണ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലും സിപിഎം വൻ നേട്ടമുണ്ടാക്കി. പഞ്ചായത്ത് സമിതി തലത്തിൽ 50 സീറ്റുകളും ജില്ലാ പരിഷത്ത് തലത്തിൽ ഏഴ് സീറ്റുകളും ഉൾപ്പെടെ 57 സീറ്റുകളാണ് പാർട്ടി നേടിയത്.