കോഴിക്കോട്: സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു. നാദാപുരം റെയിൽവേ സ്റ്റേഷനിലുണ്ടായ സംഭവത്തിൽ കണ്ണൂക്കര മാടാക്കര സ്വദേശി അഭിനവാണ് മരിച്ചത്. ഇരിങ്ങൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.
വെള്ളിയാഴ്ച വൈകുന്നേരം ആറിനായിരുന്നു അപകടം. അഭിനവിനൊപ്പം മൂന്ന് സുഹൃത്തുക്കളുമുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇവർ ഒന്നിച്ച് സെൽഫി എടുക്കുന്നതിനിടയിൽ അഭിനവ് ട്രെയിൻ വരുന്ന ട്രാക്കിന് സമീപത്തേക്ക് നീങ്ങുകയായിരുന്നു.
ഈ സമയം തലശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് അതിവേഗത്തിൽ വരികയായിരുന്ന ഗുഡ്സ് ട്രെയിൻ അഭിനവിനെ തട്ടി. ഉടൻ തന്നെ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചോമ്പാല പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.