Sports
അഹമ്മദാബാദ്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2030 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റും ഹോക്കിയും ഉണ്ടാകുമെന്ന് കായിക മന്ത്രി മന്‍സുഖ് മാണ്ഡ്യവ്യ.
ഇന്ത്യയുടെ രണ്ട് പ്രാദേശിക കായിക വിനോദങ്ങളും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞു. കബഡി, മല്ലകമ്പ്, ഖോ-ഖോ, യോഗ എന്നിവയാണ് ഇതിനായി പരിഗണനയിലുള്ളത്.
അഹമ്മദാബാദാണ് 2030 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. 2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷം രാജ്യം ആതിഥേയത്വം വഹിക്കുന്ന ആദ്യ മള്‍ട്ടി ഗെയിംസ് ഇവന്റിനാണ് 2030ല്‍ അഹമ്മദാബാദ് വേദിയാകുക.
Sports
ആംസ്റ്റര്‍ഡാം: 2026 എഫ്ഐഎച്ച് പുരുഷ ഹോക്കി ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം. പൂള് ഡിയില്‍ ഇന്ത്യ, പാക്കിസ്ഥാന് ടീമുകള്‍ക്കൊപ്പം ഇംഗ്ലണ്ടും വെയ്ല്‍സും ഉണ്ട്.
ഓഗസ്റ്റ് 20നാണ് ചിരവൈരികളുടെ കൊമ്പുകോര്‍ക്കല്‍. പൂളില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഓഗസ്റ്റ് 16ന് വെയ്ല്‍സിന് എതിരേയാണ്. 2024 ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ 2-1നു ജയിച്ചു.
ഓഗസ്റ്റ് 14 മുതല്‍ 30വരെയാണ് ലോകകപ്പ്. ജര്‍മനിയാണ് നിലവിലെ ചാമ്പ്യൻ. 2018ല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ് 1975 ചാമ്പ്യന്മാരായ ഇന്ത്യയുടെ സമീപകാലത്തെ മികച്ച പ്രകടനം.
Sports
ഹൈദരാബാദ്: 2026 എഫ്ഐഎച്ച് വനിതാ ഹോക്കി ലോകകപ്പ് യോഗ്യത ഇന്ത്യ സ്വന്തമാക്കി. യോഗ്യതാ റൗണ്ട് പൂള് ബിയില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ വനിതകള്‍ യോഗ്യത കരസ്ഥമാക്കിയത്.
പൂളിലെ അവസാന മത്സരത്തില്‍ ഇന്ത്യ 4-1നു വെയ്ല്‍സിനെ തോല്‍പ്പിച്ചു. ഇന്ത്യക്കായി നവനീത് കൗര്‍ ഹാട്രിക് നേടി.
ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ മെഡല്‍ റൗണ്ടിലേക്ക് ഇന്ത്യ മുന്നേറി. സെമിയില്‍ ഇറ്റലിയാണ് ഇന്ത്യയുടെ എതിരാളി. ഇംഗ്ലണ്ടും സ്കോട്ട്ലന്‍ഡും തമ്മിലാണ് മറ്റൊരു സെമി ഫൈനൽ.
Sports
ഹോബര്‍ട്ട്: എഫ്ഐഎച്ച് പ്രൊ ലീഗ് ഹോക്കിയില്‍ ഇന്ത്യക്ക് ആദ്യജയം. ലോക മൂന്നാം നമ്പര്‍ ടീമായ ഓസ്ട്രേലിയയെ ഷൂട്ടൗട്ടില്‍ ഇന്ത്യ 3-1നു കീഴടക്കി.
നിശ്ചിത സമയത്ത് മത്സരം 1-1 സമനിലയില്‍ കലാശിച്ചതോടെയാണ് ഷൂട്ടൗട്ട് അരങ്ങേറിയത്.
ഒമ്പത് ടീമുകള്‍ മത്സരിക്കുന്ന ലീഗില്‍, ഇന്ത്യ എട്ടാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍നിന്ന് നാല് പോയിന്റ് മാത്രമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യയുടെ അടുത്ത മത്സരം ജൂണ്‍ 14ന് നെതര്‍ലന്‍ഡ്സിന് എതിരേയാണ്.
Sports
ഭുവനേശ്വർ: എഫ്ഐഎച്ച് പ്രോ ലീഗ് ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം തോൽവി. ഷൂട്ടൗട്ടിൽ സ്പെയിൻ 4-3ന് ഇന്ത്യയെ പരാജയപ്പെടുത്തി.
നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോൾ നേടി തുല്ല്യത പാലിച്ചു. തുടർന്ന് ഷൂട്ടൗട്ടിൽ വിജയിയെ നിർണയിക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരേയാണ് ഇന്ത്യയുടെ നാലാം മത്സരം.
Sports
മധുര: 2025 എഫ്ഐഎച്ച് ജൂണിയർ പുരുഷ ഹോക്കി ലോകകപ്പ് ചലഞ്ചർ ട്രോഫി സ്വന്തമാക്കി ബംഗ്ലാദേശ്.
ഓസ്ട്രിയയെ 5-4ന് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് കപ്പുയർത്തിയത്.
ടൂർണമെന്റിലെ ടോപ് സ്കോറർ അമീറുൾ ഇസ്ലാമിന്റെ ഹാട്രിക്കും, ഹൊസിഫ ഹൊസൈൻ, റാകിബുൾ ഹസൻ എന്നിവരുടെ ഗോളുകളാണ് ബംഗ്ലാദേശിന് ജയമൊരുക്കിയത്.
District News
പത്തനംതിട്ട: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്തു സമാപനമാകുമെന്നിരിക്കേ പത്തനംതിട്ട ജില്ലയുടെ സ്ഥാനം പതിനാലാമത്.മെഡൽ പട്ടികയിൽ ഏതാനും താരങ്ങൾ കടന്നുകൂടിയതൊഴിച്ചാൽ കാര്യമായ ഒരു മുന്നേറ്റവും ഇക്കുറി പത്തനംതിട്ടയ്ക്കുണ്ടായില്ല.
ഗെയിംസ് വിഭാഗത്തിൽ 19 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗം ഹോക്കിയിൽ രണ്ടാം സ്ഥാനവും ക്രിക്കറ്റ് ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ നാലാം സ്ഥാനവും ലഭിച്ചു. ഗെയിംസ് വിഭാഗത്തിലെ ഏക വെള്ളിയാണ് ഹോക്കിയിൽ കരസ്ഥമാക്കിയത്.
കായികമേളയുടെ ഭാഗമായ ഇൻക്ലൂസീവ് സ്പോർട്സിൽ 14 വയസിനു താഴെയുള്ളവരുടെ ടീമിൽ പത്തനംതിട്ട രണ്ടാം സ്ഥാനം നേടിയിരുന്നു.
അത്ലറ്റിക്സിൽ പത്തോളം ഫൈനലുകൾ ഇന്നുണ്ടാകുമെങ്കിലും ജില്ലയ്ക്കു കാര്യമായ മെഡൽ പ്രതീക്ഷയില്ല. ഞായറാഴ്ച ജില്ലയുടെ മൂന്ന് താരങ്ങൾ മെഡൽ നേടി. രണ്ട് വെള്ളി ഉൾപ്പെടെ നാല് മെഡലുകളാണ് ജില്ല നേടിയിട്ടുള്ളത്.
ജൂണിയർ ബോയ്സ് ഡിസ്കസ് ത്രോയിലും 400 മീറ്ററിലുമാണ് വെള്ളി നേടിയത്. കുറിയന്നൂർ മാർത്തോമ്മ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി അമൽ മനോജ് ഡിസ്കസ് ത്രോയിൽ മെഡൽ കരസ്ഥമാക്കി. ഷോട്ട്പുട്ടിൽ നേരത്തേ അമൽ വെങ്കല മെഡൽ നേടിയിരുന്നു. മാവേലിക്കര ചെറുകോൽ ഇല്ലത്ത് പരേതനായ ഡി. മനോജിന്റെയും കെ. അർച്ചനാമോളുടെയും മകനാണ്. എൻ.ജി. ശിവശങ്കറും അമൽ സന്തോഷ് ജോസഫുമാണ് പരിശീലകർ. കഴിഞ്ഞ സംസ്ഥാന മേളയിൽ അമൽ വെള്ളി നേടിയിരുന്നു.
ജൂണിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസിലെ സ്റ്റെഫിൻ ടൈറ്റസ് വെള്ളി മെഡൽ കരസ്ഥമാക്കി. 55.88 സെക്കൻഡിലാണ് ഫിനീഷ് ചെയ്തത്. സബ് ജൂണിയർ ബോയ്സ് ഡിസ്കസ് ത്രോയിൽ കുറിയന്നൂർ മാർത്തോമ്മാ എച്ച്എസിലെ എം. മനു വെങ്കലം നേടി.