ചിത്തോർഗഢ്: ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വന്ദേമാതരം ആലാപനം തടസപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ കോൺഗ്രസും സോണിയ ഗാന്ധിയും രാജ്യത്തോടും ബങ്കിം ചന്ദ്ര ചാറ്റർജിയോടും മാപ്പുപറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ചിത്തോർഗഢിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്ദേമാതരം ആലാപനം പകുതിയിൽ വെച്ച് നിർത്താൻ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ ടിവിയിലൂടെ രാജ്യം കണ്ടതാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം കാരണമാണ് കോൺഗ്രസ് ദേശീയ ഗാനത്തെ അപമാനിച്ചതെന്നും അമിത് ഷാ ആരോപിച്ചു. സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ രക്തസാക്ഷിത്വം വരിച്ചതിന്റെ പ്രതീകമാണ് വന്ദേമാതരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ വാജ്പേയിയുടെ 21 അടി ഉയരമുള്ള പ്രതിമയും അമിത് ഷാ അനാച്ഛാദനം ചെയ്തു.