മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 70.62 ലക്ഷം കൂടി അനുവദിച്ചതായി മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു. പാലിയേറ്റിവ് കെയര്‍, ഓങ്കോളജി, ഇഎന്‍ടി വിഭാഗങ്ങളിലാണ് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
പദ്ധതിയുടെ ഭാഗമായി പാലിയേറ്റിവ് ട്രെയിനിംഗ് ഹാള്‍ നവീകരിക്കും. ഹാളില്‍ ഓഡിയോ, വിഷ്വല്‍ സൗകര്യം ഏര്‍പ്പെടുത്തും. പ്രോജക്ടര്‍, മൈക്രോഫോണ്‍, സ്പീക്കര്‍, സ്റ്റേജ് സ്ക്രീന്‍ എന്നിവ സ്ഥാപിക്കും. ഓണ്‍ലൈന്‍ ആശയ വിനിമയത്തിനും ഹാള്‍ ഭാവിയില്‍ ഉപയോഗപ്രദമാക്കും. പാലിയേറ്റിവ് രോഗികളുടെ സൗകര്യത്തിന് ഹാളില്‍ ശീതീകരണ സംവിധാനവും ഏര്‍പ്പെടുത്തും. ഓങ്കോളജി വകുപ്പില്‍ ബയോ സേഫ്റ്റി ക്യാബിനറ്റ് ഈ പദ്ധതിയോടൊപ്പം തന്നെ സ്ഥാപിക്കും.
ഇഎന്‍ടി വിഭാഗത്തില്‍ ഓപ്പറേറ്റിംഗ് മൈക്രോ സ്കോപ്പ് സ്ഥാപിക്കും. രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ചികിത്സ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതിക്കായി എംഎല്‍എ ഫണ്ടില്‍ നിന്ന് തന്നെ തുക അനുവദിക്കുന്നതെന്ന് മാത്യു കുഴല്നാടന് പറഞ്ഞു.