ആരോഗ്യ മന്ത്രി കെ. മുരളീധരന് പി.എൻ. വൈശാഖ് കത്ത് നൽകുന്നു.
വടക്കാഞ്ചേരി: തൃശൂർ മെഡിക്കൽ കോളജിലെ സൗകര്യക്കുറവുകൾക്ക് അടിയന്തര പരിഹാരം വേണം; വടക്കാഞ്ചേരി ജില്ലാ ആശുപത്രിയുടെ വികസനം ഉറപ്പാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് മന്ത്രി കെ. മുരളീധരന് പി.എൻ. വൈശാഖ് കത്തുനൽകി.
ജില്ലയിലെ പ്രധാന ചികിത്സാകേന്ദ്രമായ തൃശൂർ മെഡിക്കൽ കോളജിൽ ദിനംപ്രതി എത്തുന്ന രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിനനുസരിച്ചുള്ള ചികിത്സാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കത്തിൽ പറയുന്നു. പ്രത്യേകിച്ച് ഹൃദ്രോഗ ചികിത്സാ വിഭാഗത്തിലെ നിലവിലെ പരിമിതികൾ പരിഹരിച്ച് ആധുനിക കാത്ത് ലാബ് സൗകര്യം ഒരുക്കണം. ഹൃദയാഘാതം ഉൾപ്പെടെയുള്ള ഗുരുതര അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കാർഡിയാക് റെസ്പോൺസ് ടീം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോസ്റ്റ്മോർട്ടം സംവിധാനം ഉറപ്പാക്കണമെന്നും പോസ്റ്റ്മോർട്ടം നടപടികളിലെ കാലതാമസം ഒഴിവാക്കുന്നതിനായി ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയോഗിച്ച് സേവനം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു.
അതോടൊപ്പം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിച്ച് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആശുപത്രിയുടെ സമഗ്രവികസനത്തിനും അടിയന്തരനടപടി സ്വീകരിക്കണമെന്ന ആവശ്യവും ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല, അതിനാൽ സംസ്ഥാന സർക്കാർ വടക്കാഞ്ചേരി നഗരസഭയെ ആശുപത്രി ഏൽപ്പിക്കണമെന്നും 24 മണിക്കൂറും ആംബുലൻസ് സൗകര്യം ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരനോട് പി. എൻ. വൈശാഖ് ആവശ്യപ്പെട്ടു.