ഹാൻവീവ് ഷോറൂം കല്ലട്ര മാഹിൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കാസർഗോഡ്: സംസ്ഥാന കൈത്തറി വികസന കോർപ്പറേഷന്റെ കീഴിലുള്ള കാസർഗോട്ടെ നവീകരിച്ച ഹാൻവീവ് ഷോറൂം കല്ലട്ര മാഹിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഷാഹിന സലിം, ഹാൻവീവ് എംഡി അരുണാചലം സുകുമാർ, മാർക്കറ്റിംഗ് മാനേജർ ഒ.കെ. സുദീപ്, കണ്ണൂർ റീജണൽ മാനേജർ സി.പി. കുഞ്ഞാമദ് എന്നിവർ പങ്കെടുത്തു.
കൈത്തറി ഉത്പന്നങ്ങൾക്ക് 20 ശതമാനം സർക്കാർ റിബേറ്റോടുകൂടിയുള്ള ഓണം വിപണനമേള ഓഗസ്റ്റ് നാലു മുതൽ ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി 70 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ട് അനുവദിക്കും. ഓൺലൈൻ പെയ്മെന്റുകൾക്ക് 10 ശതമാനം അഡീഷണൽ ഡിസ്കൗണ്ട് ലഭിക്കും.
കൈത്തറി സാരികൾ, മുണ്ട്, ബെഡ്ഷീറ്റ്, ചുരിദാർ മെറ്റീരിയലുകൾ എന്നിവയാണ് പ്രധാനമായും വിപണിയിലെത്തിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ആർട്ട് സിൽക്ക് സാരികൾ, കോട്ടൺ സാറ്റിൻ ബെഡ്ഷീറ്റുകൾ, ബാംബൂ ഫൈബർ ഉപയോഗിച്ചുള്ള ബെഡ്ഷീറ്റുകളും ടവ്വലുകളും എന്നിവയും ശ്രദ്ധേയമാണ്.