അമിത് ഷാ
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ചവർക്കുനേരേയുണ്ടായ പോലീസ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യം ശക്തമാക്കി കോൺഗ്രസ്.
ക്രൂരമായ ആക്രമണത്തിൽ വിശദീകരണം നൽകുന്നതിനായി അമിത് ഷാ എന്തുകൊണ്ട് പാർലമെന്റിൽ വരാൻ ഭയപ്പെടുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിലൂടെ ചോദ്യമുന്നയിച്ചപ്പോൾ വിഷയത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പാലിക്കുന്ന മൗനത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ കുറ്റപ്പെടുത്തി. പോലീസ് അതിക്രമങ്ങളിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള സ്വതന്ത്രസമിതി അന്വേഷണം നടത്തണമെന്ന് രാഹുൽ ഇന്നലെയും ആവർത്തിച്ചു.
പരീക്ഷകളിലെ അന്യായമായ മാർഗങ്ങൾ തടയൽ ഭേദഗതി ബിൽ ഇന്നലെ രാജ്യസഭയിൽ അവതരിച്ചപ്പോൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിൽ എത്താത്തതിനെ മല്ലികാർജുൻ ഖാർഗെ ചോദ്യം ചെയ്തു. താങ്കളുടെ വായ ആരെങ്കിലും തുന്നിക്കെട്ടിയിട്ടുണ്ടോയെന്നു ചോദിച്ചാണ് പോലീസ് അതിക്രമങ്ങളിൽ അമിത് ഷാ പ്രതികരണം നൽകാത്തതിനെ ഖാർഗെ കുറ്റപ്പെടുത്തിയത്.
വിദ്യാർഥികൾക്കു നേരേ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിൽ അമിത് ഷായാണ് ഉത്തരവാദി. ആഭ്യന്തരമന്ത്രിക്ക് എല്ലാക്കാലത്തും അടച്ചിട്ട മുറിയിൽ ഒളിച്ചിരിക്കാൻ കഴിയില്ല. ഒരു ദിവസം ഞങ്ങൾ വലിച്ചിഴച്ച് പുറത്താക്കും -ഖാർഗെ പറഞ്ഞു.
ഖാർഗെയുടെ പരാമർശങ്ങൾ പാർലമെന്റിന് അനുയോജ്യമല്ലാത്തതാണെന്നു ചൂണ്ടിക്കാട്ടി ഭരണപക്ഷം ബഹളം വച്ചെങ്കിലും ഞങ്ങൾ എന്നതുകൊണ്ട് വിദ്യാർഥികളും സ്ത്രീകളും വ്യക്തികളുമടങ്ങുന്ന ജനശക്തിയെയാണ് ഉദ്ദേശിച്ചതെന്ന് ഖാർഗെ വിശദീകരണം നൽകി.
മോദി സർക്കാരിന്റെ കാലയളവിൽ 1.25 ലക്ഷം വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ഇതു സർക്കാരിന്റെ പരാജയമാണെന്നും കുറ്റപ്പെടുത്തിയ ഖാർഗെ, മനുസ്മൃതിയിലെ ചില ഉള്ളടക്കങ്ങൾ സിലബസുകളിൽ കടന്നുകൂടുന്നുണ്ടെന്നും സഭയിൽ പറഞ്ഞു.
സമൂഹത്തിലെ സമാധാനം തകർക്കാൻ സാധ്യതയുള്ള പരാമർശങ്ങൾ സഭാരേഖകളിൽനിന്നു നീക്കംചെയ്യാൻ ഭരണപക്ഷം ആവശ്യപ്പെട്ടതിനെത്തുടർന്ന് പരാമർശങ്ങൾ ഔദ്യോഗിക രേഖകളിൽനിന്നു നീക്കം ചെയ്യുമെന്ന് രാജ്യസഭാ ചെയർമാൻ അറിയിച്ചു.
Tags : Congress Pressure AmitShah Resignation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash