പാലാ: കെ.എം. മാണി മെമ്മോറിയല്‍ ജനറല്‍ ആശുപത്രി സ്ഥലത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന കടകള്‍ ഉടന്‍ ഒഴിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയില്‍ തീരുമാനം.ജില്ലാ കളക്ടറുടെ ഉത്തരവുപ്രകാരം നഗരസഭാ സെക്രട്ടറി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം അവര്‍ മാറിത്തരുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ചെയര്‍പേഴ്സണ്‍ മായ രാഹുല്‍ അറിയിച്ചു.
ആശുപത്രി റോഡ് രണ്ടു കോടി രൂപ വിനിയോഗിച്ച് നിര്‍മാണം നടത്തിവന്നത് പൊതുമരാമത്ത് വകുപ്പ് നിര്‍ത്തിവച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തി മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ പീറ്റര്‍ പന്തലാനി, തോമസ് ആര്.വി. ജോസ്, പി.ആര്. മുരളീധരന്, ജോബി കുറ്റിക്കാട്ട്, തോമസുകുട്ടി നെച്ചിക്കാട്ട്, ചൈത്രം ശ്രീകുമാര്‍, ബാബു മുകാല എന്നിവര്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് രണ്ട് ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കുമെന്നു ചെയര്‍പേഴ്സണ്‍ അറിയിച്ചത്.
ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടര്‍ 20 ദിവസം മുന്‍പ് വിളിച്ചുചേര്‍ത്ത് കൈയേറ്റം ഒഴിപ്പിച്ച് റോഡുപണിയുടെ തടസം മാറ്റണമെന്ന് ഉത്തരവ് നൽകിയിട്ടും സെക്രട്ടറി കാലതാമസം വരുത്തു ന്നതിനെതിരേ രൂക്ഷ വിമര്‍ശനമുണ്ടായി.കടക്കാരെ അവിടെത്തന്നെ തുടര്‍ന്നും ബങ്ക് സ്ഥാപിച്ചു നിലനിര്‍ത്തണമെന്ന് മായ രാഹുല്‍, ബിജു പാലൂപ്പടവന് എന്നിവര്‍ നിര്‍ദേശം വച്ചപ്പോള്‍ സര്‍ക്കാര്‍ സ്ഥലത്ത് നിയമപരമായി തീരുമാനിക്കാന്‍ കഴിയില്ലെന്നും കളക്ടറുടെ ഉത്തരവ് ലംഘിക്കാനാവില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ് പറഞ്ഞു.
കാര്‍ഡിയോളജി, നെഫ്രോളജി, ഫോറസിക് സര്ജന്, കാന്‍സര്‍ വിഭാഗത്തില്‍ അധിക ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ജയ്സണ്‍ മാന്തോട്ടവും ബൈജു കൊല്ലംപറമ്പിലും ആവശ്യപ്പെട്ടു. പുതിയ ലിഫ്റ്റ് നിര്‍മിക്കുന്നതിന് 77 ലക്ഷം രൂപ അനുവദിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ വീഴ്ചയാണെന്നും ആരോപണമുയര്‍ന്നു. അഞ്ചു കോടി രൂപ ബജറ്റ് ഫണ്ട് ഉപയോഗിച്ച് ആവശ്യമായ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതിക്കുവേണ്ടി സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു.
നഗരസഭാ വൈസ് ചെയര്‍പേഴ്സൺ ബിജു മാത്യൂസ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജിത പ്രകാശ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ടോണി തൈപ്പറമ്പില്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.