ന്യൂഡൽഹി: പന്ത്രണ്ടോളം പ്രമുഖ കോളജുകൾ ചുറ്റുവട്ടത്തുള്ള തെക്കൻ ഡൽഹിയിലെ സത്യനികേതനിൽ വിദ്യാർഥികൾ താമസിക്കുന്നത് മരണക്കെണിയിൽ.
ഇടുങ്ങിയ തെരുവുകളിൽ തൊട്ടുരുമ്മി നിൽക്കുന്ന പേയിംഗ് ഗസ്റ്റ് (പിജി) ഹോസ്റ്റലുകളിൽ ഭൂരിഭാഗവും പ്രാഥമിക സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാത്തവയാണ്. ഇരുമ്പുജനാലകൾ ദ്രവിച്ചും ഭിത്തികൾ വിണ്ടുകീറിയും നിൽക്കുന്ന ഇത്തരം കെട്ടിടങ്ങളിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു വിദ്യാർഥികളാണ് കഴിയുന്നത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചവരെ സജീവമായിരുന്ന ‘ഹോസ്റ്റൽ ഡേയ്സ്’എന്ന അഞ്ചുനില പിജി കെട്ടിടം നിലംപൊത്തി ഏഴു ജീവനുകൾ പൊലിഞ്ഞ സംഭവം ഇതിലെ ഒടുവിലത്തെ ഉദാഹരണം മാത്രം.
പേരിനു മാത്രം അറ്റകുറ്റപ്പണി; സുരക്ഷ കടലാസിൽ
പ്രധാനമന്ത്രി ഒരിക്കൽ "മിനി ഇന്ത്യ’ എന്നു വിശേഷിപ്പിച്ച ഡൽഹിയിൽ ഡൽഹി സർവകലാശാല, ജെഎൻയു, ഐഐടി, എയിംസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ പഠിക്കാനെത്തുന്ന ലക്ഷക്കണക്കിനു വിദ്യാർഥികൾക്ക് മതിയായ താമസസൗകര്യമില്ല എന്നതാണു യാഥാർഥ്യം. കെട്ടുറപ്പുള്ള തൂണുകളോ ശക്തമായ അസ്തിവാരമോ ഇല്ലാത്ത കെട്ടിടങ്ങളിൽ പുതുക്കിപ്പണിയൽ എന്നപേരിൽ വെറും പെയിന്റിംഗ് ജോലികൾ മാത്രമാണു നടക്കുന്നതെന്ന് തകർന്ന കെട്ടിടത്തിന് തൊട്ടടുത്ത് താമസിക്കുന്ന എസ്. സിംഹ എന്ന വിദ്യാർഥി സാക്ഷ്യപ്പെടുത്തുന്നു.
കൂടാതെ, കൃത്യമായ രേഖകളോ കസ്റ്റമർ രജിസ്റ്ററുകളോ ഇല്ലാതെയാണു പല പിജികളും പ്രവർത്തിക്കുന്നത്. ആധാർ കാർഡ് നൽകി ഒരു മാസത്തേക്ക് കരാറിലെത്തുന്ന വിദ്യാർഥികൾ പിന്നീട് രേഖകളൊന്നുമില്ലാതെ തുടരുകയാണു പതിവ്. അതിനാൽ അപകടമുണ്ടായാൽ കെട്ടിടത്തിനുള്ളിൽ എത്ര പേരുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാൻ പോലും അധികൃതർക്കു കഴിയാത്ത അവസ്ഥയാണ്.
ആവർത്തിക്കുന്ന അപകടങ്ങൾ
സത്യനികേതനിൽ കെട്ടിടങ്ങൾ തകർന്നുവീഴുന്നത് ഇതാദ്യമല്ല. 2022ൽ തകർന്ന കെട്ടിടത്തിൽനിന്ന് മീറ്ററുകൾ മാത്രം അകലെ മറ്റൊരു കെട്ടിടം തകർന്ന് രണ്ടു തൊഴിലാളികൾ മരിച്ചിരുന്നു. രണ്ടു വർഷം മുമ്പ് സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മലയാളി ഉൾപ്പടെ മൂന്ന് യുപിഎസ്സി വിദ്യാർഥികൾ മരിച്ച ദുരന്തത്തിനു പിന്നിലും അനധികൃത നിർമാണം തന്നെയായിരുന്നു വില്ലൻ.
അനധികൃത നിർമാണത്തിന് രാഷ്ട്രീയ സംരക്ഷണം
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടതായി രാഷ്ട്രീയ പാർട്ടികളും ആരോപിക്കുന്നു. അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാതെ നടത്തുന്ന അമിത സ്വകാര്യവത്കരണവും കെട്ടിട ഉടമകളുടെ രാഷ്ട്രീയ സ്വാധീനവുമാണ് ദുരന്തങ്ങൾക്കു കാരണമെന്ന് കോൺഗ്രസ് നേതാവ് കനയ്യ കുമാറും എൻഎസ്യുഐ നേതാവ് വിനോദ് ജാഖറും കുറ്റപ്പെടുത്തി.
അപകടസ്ഥലം സന്ദർശിച്ച സിപിഐ നേതാവ് പി. സന്തോഷ് കുമാർ, ഡൽഹിയിലെ മുഴുവൻ പിജി ഹോസ്റ്റലുകളുടെയും അടിയന്തര സ്ട്രക്ചറൽ ഓഡിറ്റിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടു.