തിരുവനന്തപുരം: വേനൽ മഴയെത്തിയിട്ടും സംസ്ഥാനത്ത് പകൽച്ചൂട് കുറയുന്നില്ല. അടുത്ത 24 മണിക്കൂറിൽ 12 ജില്ലകളിൽ പകൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പാലക്കാട് ജില്ലയിൽ ഇന്ന് പകൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും പകൽ താപനില അനുഭവപ്പെടുമെന്നും ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി സംസ്ഥാനത്ത് വേനൽ മഴ പെയ്തെങ്കിലും പ്രതീക്ഷിച്ച അളവിൽ മഴ ലഭിച്ചിരുന്നില്ല. ഇതോടെയാണ് പകൽച്ചൂട് വീണ്ടും പിടിവിട്ടു കുതിക്കുന്നത്.
ഇന്നലെ വരെ 36.2 മില്ലമീറ്റർ മഴയാണ് സംസ്ഥാനത്തു പെയ്യേണ്ടിയിരുന്നത്. എന്നാൽ പെയ്തത് 40.4 മില്ലീമീറ്ററാണ്. മിക്ക ജില്ലകളും മഴക്കുറവിന്റെ പിടിയിലാണ്.
ജാഗ്രതാ നിർദേശങ്ങൾ
- നിർജലീകരണം ഒഴിവാക്കുക
- ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
- ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ടുള്ള വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക.
- കോട്ടൺ വസ്ത്രങ്ങൾ
- അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ശരീരതാപം കുറയ്ക്കാൻ സഹായിക്കും.
- സൂര്യാഘാതം
- തലകറക്കം, കഠിനമായ ക്ഷീണം, ദേഹാസ്വാസ്ഥ്യം എന്നിവ തോന്നിയാൽ വൈദ്യസഹായം തേടുക.
- കൃഷി/മൃഗസംരക്ഷണം
- വളർത്തുമൃഗങ്ങൾക്ക് തണലും കുടിവെള്ളവും ഉറപ്പാക്കുക.
- കൃഷിയിടങ്ങൾ നനയ്ക്കുന്നത് വൈകുന്നേരങ്ങളിലോ പുലർച്ചെയോ ആക്കുന്നത് ജലനഷ്ടം കുറയ്ക്കാൻ സഹായിക്കും.