കൊച്ചി: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെടിഡിസി) പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകള്‍ നിർമിച്ച് നടത്തിയ തട്ടിപ്പില്‍ സംസ്ഥാനത്ത് നഷ്ടമായത് അഞ്ചു ലക്ഷം രൂപ.
വിവിധ ജില്ലകളില്‍നിന്നായി തട്ടിപ്പു സംബന്ധിച്ച് പത്തോളം പരാതികളാണു സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ലഭിച്ചത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നു പോലീസ് മുന്നറിയിപ്പ് നല്കി. മറ്റു സംസ്ഥാനങ്ങളില്‍നിന്നു കേരള സന്ദര്‍ശനത്തിനായി സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നാണു പോലീസ് നിഗമനം.
ഗൂഗിളില്‍ കെടിഡിസി സ്റ്റേ, കെടിഡിസി ഹോട്ടല്‍സ്, കെടിഡിസി ബുക്കിംഗ്, കെടിഡിസി റിസോര്‍ട്ട് തുടങ്ങിയ കീ വേര്‍ഡുകള്‍ തെരയുന്ന ഉപയോക്താക്കളാണു തട്ടിപ്പുകാരുടെ ലക്ഷ്യം. വ്യാജമായി നിര്‍മിക്കപ്പെടുന്ന വെബ്സൈറ്റുകള്‍ക്ക് കെടിഡിസിയുടെ ഔദ്യോഗിക വെബ്സൈറ്റുമായി സാമ്യമുണ്ടായിരിക്കും. അതിനാല്‍ പൊതുജനങ്ങള്‍ക്ക് ഇത് വ്യാജമാണെന്ന് തിരിച്ചറിയാന്‍ കഴിയില്ല.
തട്ടിപ്പ് രീതി
റൂം ബുക്കിംഗ് പൂര്‍ത്തിയാക്കാന്‍ പേയ്മെന്റ് പേജില്‍ നല്കുന്ന മൊബൈല്‍ നമ്പര്‍, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, എക്സ്പയറി ഡേറ്റ്, സിവിവി എന്നിവയ്ക്കു പുറമേ, തുടര്‍ന്ന് ലഭിക്കുന്ന ഒടിപികൂടി രേഖപ്പെടുത്തുന്നതോടെ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍നിന്നോ കാര്‍ഡില്‍നിന്നോ തുക അനധികൃതമായി പിന്‍വലിക്കപ്പെടുകയും തട്ടിപ്പു മറയ്ക്കാന്‍ സംഘം വ്യാജ ബുക്കിംഗ് രസീതുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
ശ്രദ്ധിക്കണം
- ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം കാണുന്ന സൈറ്റുകളോ സ്പോണ്‍സേർഡ്/ ആഡ് എന്ന അടയാളത്തോടെ കാണുന്ന ലിങ്കുകളോ ഔദ്യോഗികമാകണമെന്നില്ല. അതിനാല്‍ ബുക്കിംഗിനായി പണം നല്കുന്നതിനു മുന്‍പ് വെബ്സൈറ്റിന്റെ യുആര്‍എല്‍ സൂക്ഷ്മമായി പരിശോധിച്ച് അക്ഷരവ്യത്യാസങ്ങളോ സംശയങ്ങളോ ഇല്ലെന്ന് ഉറപ്പാക്കുക.
- ബാങ്കിംഗ് രഹസ്യവിവരങ്ങളോ യുപിഐ പിന്നോ സംശയാസ്പദമായ സൈറ്റുകളില്‍ കൈമാറരുത്.
- കെടിഡിസിയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ അംഗീകൃത പ്ലാറ്റ്ഫോമുകള് എന്നിവ വഴി മാത്രം ബുക്കിംഗ് നടത്തുക.
- വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറുകളുടെ ആധികാരികതയും ഉറപ്പാക്കുക.
- തട്ടിപ്പിനിരയായാല്‍ 1930 എന്ന സൈബര്‍ ഹെല്പ്ലൈന് നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴിയോ പരാതി നല്‍കാം.