തിരുവനന്തപുരം: തമിഴ്നാട് ഗവർണറായി സ്ഥലംമാറിപ്പോയ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് ഇന്നലെ യാത്രയയപ്പ് നൽകി.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഹോട്ടൽ ഹയാത്തിൽ വച്ചായിരുന്നു യാത്രയയ്പ്പു നൽകിയത്. അർലേക്കറുടെ പിൻഗാമിയായി കേരളാ ഗവർണറായി ഓം പ്രകാശ് മാഥുർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
ഉച്ചയ്ക്ക് 12നും 12.30നും ഇടയിൽ ലോക്ഭവൻ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമെൻ സെൻ നിയുക്ത ഗവർണർക്കു സത്യവാചകം ചൊല്ലിക്കൊടുക്കും.
രാജേന്ദ്ര അർലേക്കറുടെ കേരള ഗവർണറായുള്ള അവസാന ഔദ്യോഗിക ചടങ്ങ് ലോക്ഭവനിൽ നടന്ന കേരള പുരസ്കാരങ്ങളുടെ വിതരണമായിരുന്നു.
കേരളത്തിൽ തനിക്ക് വലിയ ജനകീയ സ്വീകാര്യത ലഭിച്ചെന്നും രണ്ടു സർക്കാരുകളുടെ കാലഘട്ടത്തിലും മികച്ചതും ക്രിയാത്മകവുമായ ബന്ധം പുലർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും അർലേക്കർ തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു.