ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും പടിയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ കലവറപ്പറമ്പില്‍ സീമോന്‍ പെരേരയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് വീടിന് സാരമായ നാശനഷ്ടമുണ്ടായി.
തെങ്ങ് വീടിന്റെ മേല്‍ക്കൂരയിലേക്ക് പതിച്ചതിനെ തുടര്‍ന്ന് ഓടുകളും മേല്‍ക്കൂരയുടെ ഭാഗങ്ങളും തകര്‍ന്നു. സംഭവസമയത്ത് വീട്ടുകാര്‍ സുരക്ഷിതരായിരുന്നതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കനത്ത മഴയിലും കാറ്റിലും പ്രദേശത്ത് മരങ്ങള്‍ കടപുഴകി വീഴാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ശക്തമായ കാറ്റില്‍ പുത്തന്‍ചിറ വില്ലേജിലെ പ്രൊജക്ട്കുന്ന് കിഴക്കുവശത്ത് താമസിക്കുന്ന കൊടിവളപ്പില്‍ ലീലയുടെ വീടിന് മുകളില്‍ തെങ്ങുവീണു. വീട് ഭാഗികമായി തകര്‍ന്നു.
തൊട്ടിപ്പാള്‍ വില്ലേജില്‍ ക്ഷീരസൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ളതും ഇതരസം സ്ഥാന തൊഴിലാളികള്‍ വാടകക്ക് താമസിക്കുന്നതുമായ കെട്ടിടത്തോടുചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞുതാഴ്ന്നു.