റിയാദ്: ഹൂതി ആക്രമങ്ങളെ തുടർന്ന് സൗദി അറേബ്യയിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് റിയാദ് ഇന്ത്യൻ എംബസി. നിലവിലെ പ്രത്യേക സാഹചര്യം പൂർണമായും വിലയിരുത്തിക്കൊണ്ടാണ് എംബസി നിർദേശം പുറപ്പെടുവിച്ചത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്നവർ ജാഗ്രത പാലിക്കേണ്ടതുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും വീടുകളിൽ തന്നെ തുടരാനുമാണ് ആവശ്യം.
സൗദി ഭരണകൂടം നൽകുന്ന നിർദേശങ്ങളും ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന നിർദേശങ്ങളും പിന്തുടരണം. നിലവിൽ രാജ്യത്ത് നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ദൃശ്യങ്ങളോ വാർത്തകളോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്നും നിർദേശമുണ്ട്. ഇത്തരം ചിത്രങ്ങൾ ഷെയർ ചെയ്യുന്നതിൽ നിന്ന് പ്രവാസികൾ വിട്ടുനിൽക്കണം. സാമൂഹിക മാധ്യമങ്ങളിൽ വരുന്ന സ്ഥിരീകരിക്കാത്ത വിഷയങ്ങളിൽ ആകുലപ്പെടരുത്.
പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ തടസമില്ലാതെ ലഭ്യമാക്കാൻ എംബസി സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. എംബസി സേവനങ്ങൾ സാധാരണ നിലയിലാണ്. പ്രവാസികൾക്ക് ആവശ്യമായ ഹെൽപ്പ് ലൈൻ നമ്പർ: 8002471234 ഇതാണ്.
വിമാന സർവീസുകൾ റദ്ദാക്കി
അതേസമയം, സൗദി അറേബ്യയിലെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ റിയാദിലേക്കുള്ള സർവീസുകൾ താത്കാലികമായി റദ്ദാക്കി. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികളാണ് ഒക്ടോബർ 10 വരെയുള്ള തങ്ങളുടെ റിയാദ് സർവീസുകൾ നിർത്തിവെച്ചതായി പ്രഖ്യാപിച്ചത്.
ടിക്കറ്റ് റദ്ദാക്കുന്നവർക്ക് മുഴുവൻ പണവും തിരികെ നൽകും.തീയതി സൗജന്യമായി മാറ്റാം. മേഖലയിലെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം മുൻനിർത്തിയാണ് തീരുമാനം.