ഒഹായോ: സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ (COMA) സംഘടിപ്പിച്ച ‘COMA ഹൃദയപൂർവം 2026’ പരിപാടി ഒഹായോ മലയാളികൾക്ക് മറക്കാനാവാത്ത ഒരു കുടുംബസംഗമമായി മാറി. തലമുറകളെ ഒരുമിപ്പിച്ച ഈ ആഘോഷം സ്നേഹവും സൗഹൃദവും നിറഞ്ഞ ഒരു കുടുംബാന്തരീക്ഷം സൃഷ്ടിച്ചു.
സംഗീതം, ഡബ്സ്മാഷ്, ഗ്രൂപ്പ് ഗെയിമുകൾ, ഡിജെ ഡാൻസ് എന്നിവ ഉൾപ്പെടെ എല്ലാ പ്രായക്കാരെയും പങ്കെടുപ്പിച്ച വൈവിധ്യമാർന്ന പരിപാടികളാണ് ഹൃദയപൂർവം 2026നെ പ്രത്യേകമാക്കിയത്. ബൺ മസ്കയും ഇറാനി ചായയും ചടങ്ങിന് വ്യത്യസ്തമായൊരു രുചിയും ഓർമ്മയും നൽകി.
മീറ്റ് & ഗ്രീറ്റ് സെഷനോടുകൂടി പരിപാടി ആരംഭിച്ചു. സ്വാഗതപ്രസംഗത്തിന് ശേഷം നടന്ന ബിംഗോ ഗെയിം ആവേശകരമായി. തുടർന്ന് അവതരിപ്പിച്ച ഡബ്സ്മാഷ്, അന്തരിച്ച ഇതിഹാസ നടൻ ശ്രീനിവാസന്റെ സിനിമകളെ ആസ്പദമാക്കി ഒരുക്കിയ പ്രകടനങ്ങളിലൂടെ വലിയ കൈയടിയേറ്റു. ഗ്രൂപ്പ് ഗെയിമുകൾ കുടുംബങ്ങളെ ഒരുമിപ്പിച്ചപ്പോൾ, തുടർന്ന് തുറന്ന ഡിജെ ഡാൻസ് ഫ്ലോർ ആഘോഷത്തിന് പുതുജീവൻ നൽകി. സംഗീതവും നൃത്തവും നിറഞ്ഞ വേദിയിൽ എല്ലാവരും ആവേശത്തോടെ പങ്കുചേർന്നു.
2026 ലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് അസ്ലം അബൂബക്കർ, വൈസ് പ്രസിഡന്റ് അനൂപ് ജോസഫ് ബാബു, ട്രഷറർ രവികുമാർ ഹരിഹരൻ, ജനറൽ സെക്രട്ടറി കിരൺ ജോസഫ് ഏലവുങ്കൽ, ജോയിന്റ് സെക്രട്ടറി ദിലിൻ ജോയ് എന്നിവരുടെ നേതൃത്വത്തിൽ പരിപാടി ഭംഗിയായി സംഘടിപ്പിക്കപ്പെട്ടു.
ട്രസ്റ്റിമാരായ രാജീവ് തോമസ്, ഗിരീഷ് മനോഹരൻ, സിംപിൾ സുബിൻ, ഷിബു നായർ, വേദ വാരിയർ എന്നിവർ പരിപാടിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഈ പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ വോളണ്ടിയർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും COMA കമ്മിറ്റി രേഖപ്പെടുത്തി.