അമ്പലമുകൾ: അമ്പലമുകൾ ഫാക്ട് ക്വാർട്ടേഴ്സ് വളപ്പിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.
കഴിഞ്ഞ ഞായറാഴ്ച ക്വാർട്ടേഴ്സ് പരിസരം വൃത്തിയാക്കുന്നതിനിടെ വൈകിട്ട് 6.30 ഓടെ 305-ാം നമ്പർ ക്വാർട്ടേഴ്സിന് സമീപത്ത് മാലിന്യങ്ങൾക്കിടയിൽ നിന്നാണ് കാലപ്പഴക്കം ചെന്ന അസ്ഥികൂടം കണ്ടെത്തിയത്. എസ്റ്റേറ്റ് ഓഫീസർ വിവരമറിയിച്ചതിനെത്തുടർന്ന് അമ്പലമേട് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനകൾക്കുശേഷം അസ്ഥികൂടം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇതുസംബന്ധിച്ച് അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം കണ്ടെടുത്ത അസ്ഥികൂടം മെഡിക്കൽ അനാട്ടമിയുടെ ഭാഗമായി ഉപയോഗിച്ചിരുന്നതാണെന്ന് സൂചനയുണ്ട്. അസ്ഥികൂടത്തിൽ മെറ്റൽ ജോയിന്റുകൾ ഉള്ളതായി കണ്ടെത്തിയതായും പഠനാവശ്യത്തിനുശേഷം അസ്ഥികൂടം ഉപേക്ഷിക്കപ്പെട്ടതാകാമെന്നും പറയുന്നുണ്ട്.