മരിച്ചത് രാജാജി നഗർ സ്വദേശിയെന്നു സംശയം
പേരൂർക്കട: തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ പണി നടന്നുവന്നിരുന്ന ഫ്ലാറ്റിനു സമീപത്തെ കാട്ടിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബേക്കറി ജംഗ്ഷനിലെ അടിപ്പാതയിൽ ശ്രീനേത്ര കണ്ണാശുപത്രിക്ക് എതിവശത്തു പണി നടന്നുവരുന്ന ഫ്ലാറ്റിന്റെ കാടുപിടിച്ച ഭാഗത്തുനിന്ന് ഉത്തരേന്ത്യൻ ശുചീകരണ തൊഴിലാളികൾക്ക് അസ്ഥികൂടം ലഭിച്ചത്. ഈ ഭാഗത്ത് ദുർഗന്ധം രൂക്ഷമായതോടെയാണ് പ്രദേശം ശുചീകരിക്കാൻ തീരുമാനമെടുക്കുന്നത്. തലയുടെ ഭാഗവും എല്ലിൻ കഷ്ണങ്ങളുമാണു ഇവിടെനിന്നു ലഭിച്ചത്.
തിരുവനന്തപുരം രാജാജി നഗർ സ്വദേശി മുരുകൻ (58) ആണ് മരിച്ചതെന്നാണു പൊലിസ് സംശയിക്കുന്നത്. ഇയാൾ ആക്രി പെറുക്കി ജീവിക്കുന്ന ആളാണ്. ആളെ കാണാതായതുമായി ബന്ധപ്പെട്ട് മ്യൂസിയം സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. കാണാതായ ദിവസം മുരുകൻ ധരിച്ചിരുന്ന ലുങ്കിയും ഷർട്ടും അസ്ഥികൂടം കിടന്നതിനുസമീപത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. ഇയാൾ സ്ഥിരമായി ധരിക്കുന്ന മുത്തുമാലയും കൈയിൽ ധരിക്കാറുള്ള വളകളും അസ്ഥികൂടത്തിൽ അതേപടി ഉണ്ടായിരുന്നു.
സ്ഥിരമായി നഗരപ്രാന്തങ്ങളിൽ ആക്രികൾ പെറുക്കാൻ എത്തുന്ന ആളായിരുന്നു മുരുകനെന്നും ഫ്ലാറ്റിലെ കാടുപിടിച്ച ഭാഗത്തു കയറുന്നതിനിടെ ഏതെങ്കിലും വിധത്തിൽ അത്യാഹിതം സംഭവിച്ചതായിരിക്കാമെന്നുമാണ് പൊലിസിന്റെ നിഗമനം. ഫ്ലാറ്റിനു സമീപത്തായി പാളയം ചന്തയുള്ളതിനാൽ മൃതദേഹത്തിൽനിന്നുള്ള ദുർഗന്ധം ആരും ശ്രദ്ധിച്ചിരുന്നില്ല. ചില സാങ്കേതിക പ്രശ്നങ്ങൾമൂലം ഫ്ലാറ്റിന്റെ നിർമാണം താത്കാലികമായി തടസപ്പെട്ടിരിക്കുന്നതിനാൽ കുറച്ചുകാലമായി ഇവിടെ തൊഴിലാളികളും ഉണ്ടായിരുന്നില്ല. തലയോട്ടിയും എല്ലിൻ കഷ്ണങ്ങളും വിശദമായ പരിശോധനയ്ക്ക് ഫോറൻസിക്ക് വിഭാഗത്തിലേക്ക് അയച്ചിട്ടുണ്ടെന്നു മ്യൂസിയം പൊലിസ് അറിയിച്ചു.
Tags : Human skeleton Nattuvishesham DistrictNews DeepikaNews