പിടിയിലായവർ
നെടുമങ്ങാട് : വീട്ടിൽ സൂക്ഷിച്ചിരുന്ന റബർ ഷീറ്റ് മോഷ്ടിച്ച പ്രതികളെ ആര്യനാട് പൊലിസ് അറസ്റ്റ് ചെയ്തു. വാളിക്കോട് ആക്കോട്ടുപാറ വിമല ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന അമീർ അലി (19), നെടുമങ്ങാട് കുറക്കോട് കുന്നുംപുറത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആലിഫ് (23) എന്നിവരെയാണ് ആര്യനാട് പൊലിസ് അറസ്റ്റ് ചെയ്തത്.
വിനോബനികേതൻ മുതുപുരം പെരുമാൾ വീട്ടിൽ രമാദേവിയുടെ വീട്ടിലാണ് ഇക്കഴിഞ്ഞ 31ന് രാത്രി ഇവർ മോഷണം നടത്തിയത്. രാവിലെ വീട്ടുകാർ സിസിടിവി പരിശോധിച്ചപ്പോഴാണ് മതിൽ ചാടിക്കടന്നെത്തിയ മോഷ്ടാക്കൾ വീടിനു പിൻവശത്ത് ഉണങ്ങാനിട്ടിരുന്ന 40 റബർ ഷീറ്റുകൾ മോഷ്ടിച്ചു കൊണ്ടുപോകുന്നത് കണ്ടെത്തിയത്. തുടർന്ന് ആര്യനാട് പൊലിസിൽ പരാതി നൽകി. ദിവസങ്ങൾക്ക് മുൻപ് അരുവിക്കരയിലെ പവർ ടൂൾസ് കടയിലെ ഏണി മോഷ്ടിച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ക്ഷമാപണം എഴുതി തിരികെ കൊണ്ടുവച്ചതും ഇവരാണെന്നു പൊലിസ് അറിയിച്ചു.
വിവിധ സ്ഥലങ്ങളിൽ വാടകയ്ക്കു വീടെടുത്തു താമസിക്കുന്ന പ്രതികൾ ബൈക്കിൽ കറങ്ങി നടന്നു നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ളതായി പൊലിസ് അറിയിച്ചു.
Tags : arrested Nattuvishesham DistrictNews DeepikaNews