പ്രതീകാത്മക ചിത്രം
ചവറ: ചവറ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളുടെ പരിസരത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നത് ഗുരുതര പ്രശ്നമാവുന്നു. സ്കൂൾ സമയത്ത് രാവിലെയും വൈകുനേരവുമാണ് അഭ്യാസ പ്രകടനം.
തിരക്കുള്ള പാതയിൽ അമിത വേഗത്തിൽ ചീറിപായുന്ന ബൈക്കുകൾ അപകടം ഉണ്ടാക്കുന്നതു പതിവായിട്ടും പൊലിസ് നടപടി എടുക്കുന്നില്ലായെന്ന പരാതിയും നാട്ടുകാർക്കുണ്ട്. ഇത്തരത്തിൽ 14 വയസുള്ള വിദ്യാർഥി ഓടിച്ച ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റിരുന്നു. പന്മന വടക്കും തല സ്വദേശി ബ്ലസിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പാത മുറിച്ച് കടക്കുന്നതിനിടയിൽ അമിത വേഗതയിലെത്തിയ ബൈക്കിടിക്കുകയായിരുന്നു.
പരിചയക്കാരന്റെ ബൈക്കെടുത്ത് ഓടിക്കുകയായിരുന്നു 14 വയസുകാരൻ. സ്കൂളുകൾ പ്രവർത്തിക്കുന്ന ദിവസം പല സ്ഥലങ്ങളിൽനിന്നും ഇത്തരത്തിൽ ബൈക്കിലെത്തി വിവിധ ഭാഗങ്ങളിൽ കുട്ടികൾ തമ്പടിക്കാറുണ്ട്.
ഹെൽമറ്റ് പോലുമില്ലാതെ നിയമ വിരുദ്ധമായി ഇരുചക്ര വാഹനം ഓടിക്കുന്ന വിദ്യാർഥികളുടെ എണ്ണം ദിനംപ്രതി കൂടി വരുകയാണ്. പൊലിസുകാർ പരിശോധന കർശനമാക്കിയാൽ ഒരു പരിധി വരെ അപകടം ഉണ്ടാക്കുന്നവസ്ഥ ഇല്ലാതാക്കാൻ കഴിയും എന്ന അഭിപ്രായം ഉയരുമ്പോഴും നിയമം തെറ്റിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പോലിസിന്റെ ഭാഗത്ത്നിന്ന് കർശന നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാരും സ്കൂൾ അധികൃതരും ആവശ്യപ്പെട്ടു.
Tags : children on bikes Nattuvishesham DistrictNews DeepikaNews