ബഡ്സ്, ബിആർസി ജില്ലാ കായികമേള 'ബഡ്സ് ഒളിമ്പിയ 3.0'യിൽ കുട്ടികളോടൊപ്പം സെൽഫിയെടുക്കുന്ന മന്ത്രി ബിന്ദു കൃഷ്ണ.
കൊല്ലം: ഭിന്നശേഷിയുള്ള കുഞ്ഞുങ്ങള്‍ക്ക് തുല്യ അവസരവും അന്തസോടെയുള്ള ജീവിതവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ . കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച കായികമേള, ‘ബഡ്സ് ഒളിമ്പിയ 3.0' തേവള്ളി സര്‍ക്കാര്‍ മോഡല്‍ എച്ച്എസ്എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭിന്നശേഷിയുള്ള കുഞ്ഞുങ്ങള്‍ക്ക് സഹതാപമല്ല, അവരുടെ ആത്മവിശ്വാസവും സാമൂഹിക പങ്കാളിത്തവും ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും അക്കാര്യത്തില്‍ സര്‍ക്കാര്‍ സജീവ ശ്രദ്ധ പുലര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. തെറാപ്പി ആവശ്യമായ എല്ലാവര്ക്കും അത് ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, സുരക്ഷ, വ്യക്തിത്വ വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോകുന്നത്.
കുട്ടിക്കുറ്റവാളികള്‍ വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ കുഞ്ഞുങ്ങളുടെ ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യത്തിനും രക്ഷിതാക്കളും അധ്യാപകരും പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി ജില്ലയിലെ 39 ബഡ്സ് സ്ഥാപനങ്ങളില്‍നിന്നായി എത്തിയ കുട്ടികളുടെ മാര്‍ച്ച് പാസ്റ്റ് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത് സല്യൂട്ട് സ്വീകരിച്ചു.
ബഡ്സ്, ബിആര്‍സി ജില്ലാ കായികമേളയില്‍ വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലായി നടന്ന 31 മത്സരങ്ങളില്‍ 36 സ്ഥാപനങ്ങളില്‍ നിന്നായി ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന 335 കുട്ടികളാണ് മാറ്റുരച്ചത്. ജില്ലയിലെ ബഡ്സ് സ്കൂളുകളിലെ വിദ്യാര്‍ഥികളും ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലെ പരിശീലനാര്ഥികളുമാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.
സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം മത്സരങ്ങള്‍ നടന്നു. 50 മീറ്റര്‍, 100 മീറ്റര്‍ ഓട്ടമത്സരങ്ങള്‍, സ്റ്റാന്‍ഡിംഗ് ബ്രോഡ് ജമ്പ്, ലോംഗ് ജമ്പ്, സോഫ്റ്റ് ബോള്‍ ത്രോ, ഷോട്ട്പുട്ട്, റിലേ മത്സരങ്ങള്‍ എന്നിവയ്ക്ക് പുറമെ സീനിയര്‍ വിഭാഗത്തില്‍ വീല്‍ചെയര്‍ റേസ്, ബാസ്കറ്റ് ബോള്‍ ത്രോ (വീല്‍ചെയര്‍) എന്നീ ഇനങ്ങളിലും വാശിയേറിയ മത്സരങ്ങളാണ് നടന്നത്.
Tags : Minister Bindu Krishna Nattuvishesham DistrictNews DeepikaNews