ഉദ്ഘാടനം കഴിഞ്ഞ് ഏഴുവർഷമായിട്ടും പ്രവർത്തനം ആരംഭിക്കാത്ത ആദിക്കാട്ടുകുളങ്ങര ആധുനിക മത്സ്യ വിപണനകേന്ദ്രം.
ചാരുംമൂട്: കോടികൾ ചെലവഴിച്ച് കെട്ടിടം നിർമിച്ചിട്ടും പാലമേൽ പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങരയിലെ ആധുനിക മത്സ്യവിപണന കേന്ദ്രം പ്രവർത്തനം തുടങ്ങിയില്ല.
അസൗകര്യങ്ങളാൽ വീർപ്പുമുട്ടി മാലിന്യം നിറഞ്ഞ് കിടന്ന ആദിക്കാട്ടുകുളങ്ങര പബ്ലിക്ക് മാർക്കറ്റിനെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1.78 കോടി രൂപ മുടക്കി പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴുവർഷമായിട്ടും പ്രവർത്തനം തുടങ്ങിയിട്ടില്ല. കെപി റോഡരികിൽ ആദിക്കാട്ടുകുളങ്ങര ജംഗ്ഷനു സമീപമാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്.
ഏറ്റവും കൂടുതൽ മത്സ്യവിപണനക്കാർ ആദിക്കാട്ടുകുളങ്ങരയിൽ ഉള്ളതിനാലാണ് ഇവിടം കേന്ദ്രമാക്കി വിപണനകേന്ദ്രം സ്ഥാപിച്ചത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷനും നാഷണൽ ഫിഷറീസ് ഡവലപ്പ്മെന്റ് ബോർഡും ചേർന്ന് 1.75 കോടിരൂപ ചെലവഴിച്ചാണ് ഇവിടെ ആധുനിക മത്സ്യവിപണന സമുച്ചയം നിർമിച്ചത്.
2013 നവംബർ നാലിന് കെട്ടിട നിർമാണത്തിന് തറക്കല്ലിട്ടത് മുൻ ഫിഷറീസ് മന്ത്രിയായിരുന്ന കെ. ബാബുവാണ് യുദ്ധകാലടിസ്ഥാനത്തിൽ നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കാനാണ് അന്ന് ലക്ഷ്യമിട്ടതെങ്കിലും നടന്നില്ല. മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള വലിയ ഫ്രീസർ,മിനി ഐസ് പ്ലാന്റ്, മത്സ്യ തൊഴിലാളികൾക്ക് വിശ്രമ മുറി, ആധുനിക മാലിന്യ സംസ്ക്കരണ യൂണിറ്റ്, ശൗചാലയങ്ങൾ തുടങ്ങിയവയാണ് മത്സ്യവിപണന കേന്ദ്രത്തിൽ ആരംഭിക്കാൻ ലക്ഷ്യമിട്ടിരുന്നത്.
90 ശതമാനം തുക കേന്ദ്രസര്‍ക്കാരും ബാക്കിത്തുക സംസ്ഥാന സര്‍ക്കാരുമാണ് മുടക്കിയത്. 28 സെന്റ്് സ്ഥലത്ത് രണ്ടു നിലകളിലായാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്.
ഫിഷറീസ് മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മ 2019 ഓഗസ്റ്റ് 12നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. വിപണനകേന്ദ്രം പൂർണമായി സജീകരിക്കാതെയായിരുന്നു അന്ന് ഉദ്ഘാടനം നടത്തിയത്.
ഉടൻതന്നെ മത്സ്യവിപണനകേന്ദ്രം പ്രവർത്തനക്ഷമമാക്കുമെന്നും മത്സ്യഫെഡിന്റെ ഉൾപ്പെടെയുള്ള മത്സ്യം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. മലിനജലസംസ്കരണ കേന്ദ്രം സ്ഥാപിക്കാത്തതാണ് വിപണനകേന്ദ്രം തുറന്നുകൊടുക്കാൻ വൈകുന്നതിനു കാരണം.
രണ്ടുവർഷം മുമ്പ് ഇതിനായി 30 ലക്ഷം രൂപ പാലമേൽ പഞ്ചായത്ത് പദ്ധതിയിൽ അനുവദിച്ചിരുന്നുവെങ്കിലും പണിനടന്നില്ല.
ആധുനിക മത്സ്യ വിപണന കേന്ദ്രം ഉടൻ പ്രവർത്തനം തുടങ്ങണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
Tags : Years since the inauguration Nattuvishesham DistrictNews