ചാത്തന്നൂർ നിയോജകമണ്ഡലതല ആലോചനാ യോഗത്തിൽ ബി.ബി. ഗോപകുമാർ എംഎൽഎ പ്രസംഗിക്കുന്നു.
കൊല്ലം: മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പുതിയ മാതൃകകൾ സൃഷ്ടിച്ച് ചാത്തന്നൂർ നിയോജക മണ്ഡലത്തെ ശുചിത്വത്തിന്റെ മാതൃകാ കേന്ദ്രമാക്കി മാറ്റാൻ ‘നിർമലം- പുതുയുഗ ശുചിത്വ കേരളം' എന്ന പേരിൽ സമഗ്രമായ കാമ്പയിൻ നടപ്പാക്കും.
ഇതുമായി ബന്ധപ്പെട്ട് ചേർന്ന നിയോജക മണ്ഡലതല ആലോചനാ യോഗത്തിൽ ബി.ബി. ഗോപകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എസ്. സുനീഷ് കുമാർ പദ്ധതിയുടെ അവതരണം നടത്തി. തുനീഷ് വാഴപ്പള്ളി വിഷയാവതരണം നടത്തിമാലിന്യം ശേഖരിച്ച് നീക്കം ചെയ്യുന്നതിൽ മാത്രം ഒതുങ്ങാതെ ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുകയും മാലിന്യത്തിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സുസ്ഥിരമായ മാലിന്യ സംസ്കരണ മാതൃക വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത യോഗം ചർച്ച ചെയ്തു.
വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള കമ്പോസ്റ്റ് ബിന്നുകൾ, ബയോബിന്നുകൾ, ബയോഗ്യാസ് പ്ലാന്റുകൾ തുടങ്ങിയ സംവിധാനങ്ങളുടെ എണ്ണം മാത്രം വിലയിരുത്തുന്നതിന് പകരം അവ യഥാർഥത്തിൽ പ്രവർത്തിക്കുന്നുണ്ടോ, എത്ര വീടുകളിൽ ഫലപ്രദമായി ഉറവിട മാലിന്യസംസ്കരണം നടക്കുന്നുണ്ട് എന്നതിനെ അടിസ്ഥാനമാക്കി പ്രവർത്തനങ്ങൾ നിരന്തരമായി നിരീക്ഷിക്കാനും വിലയിരുത്താനും പ്രത്യേക പ്രാധാന്യം നൽകും.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും പ്രത്യേകതകൾ പരിഗണിച്ച് പ്രാദേശിക വിഭവങ്ങൾ പ്രയോജനപ്പെടുത്തിയും ജനപങ്കാളിത്തം ഉറപ്പാക്കിയും ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനുള്ള കർമപദ്ധതി തയാറാക്കും. മാലിന്യത്തെ ഒരു വിഭവമായി മാറ്റി പ്രാദേശിക സംരംഭങ്ങൾക്കും മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിനും സാധ്യതകൾ കണ്ടെത്താനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.
യോഗത്തിൽ പരവൂർ നഗരസഭ ചെയർപേഴ്സൺ ജെ. ജയലാൽ ഉണ്ണിത്താൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ജിനോക്കി എഡ്വേർഡ്, ഉല്ലാസ് കൃഷ്ണൻ, ശശികല, ഒ.മഹേശ്വരി, പൂതക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ഇന്ദു എന്നിവർ പ്രസംഗിച്ചു.