തിരുവനന്തപുരം: എവിടെ ദുരന്തമുണ്ടായാലും അവിടെയെല്ലാം ഓടിയെത്തുന്ന മത്സ്യത്തൊഴിലാളികളോട് സര്‍ക്കാര്‍ കാട്ടുന്നത് കടുത്ത അവഗണനയും അനാസ്ഥയും.
മുതലപ്പൊഴിയിലും നീണ്ടകരയിലും ദുരന്തത്തില്‍പെട്ട് കാണാമറയത്തായവരെ കാത്തിരിക്കുന്ന ഉറ്റവര്‍ക്ക് തുണയാവേണ്ട ഫിഷറീസ് വകുപ്പ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതില്‍ കാട്ടുന്ന അലംഭാവത്തിനെതിരേ തീരദേശ മേഖലയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
2018ലെ പ്രളയത്തില്‍ നാടിന്റെ കാവല്‍ക്കാരായി നിലയുറപ്പിച്ച് ജീവന് പണയംവച്ച് മനുഷ്യജീവന് രക്ഷിക്കാന്‍ രംഗത്തിറങ്ങിയ മത്സ്യത്തൊഴിലാളികളെ അന്നത്തെ സര്‍ക്കാര്‍ വിശേഷിപ്പിച്ചത് കേരളത്തിന്റെ സൈന്യം എന്നാണ്.
എന്നാല്‍ ആ സൈന്യം കേഴുന്നു. തങ്ങളുടെ ഉറ്റവരെ കണ്ടെത്താന്‍ സഹായിക്കൂ എന്ന്.മുതലപ്പൊഴിയിലും നീണ്ടകരയിലും മീന്പിടിത്തംകഴിഞ്ഞ് മടങ്ങി വരുമ്പോള്‍ കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അവസാനം ഉറ്റവര്‍ക്ക് പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടി വന്നു.
തെരച്ചിൽ ഊർജിതമാക്കിയെന്ന് മന്ത്രി
അങ്കമാലി: മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ കൂടുതൽ ഊർജിതമാക്കിയതായും സ്കൂബ ഡൈവർമാർ കൂടി പരിശോധിക്കുന്നുണ്ടെന്നും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ. സാധ്യമായ എല്ലാ തെരച്ചിലും തുടരുന്നുണ്ട്.
നിലവിലെ സംവിധാനം പര്യാപ്തമല്ല. കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. എല്ലാറ്റിനും പരിഹാരം കണ്ടെത്താനാണു ശ്രമം നടക്കുന്നത്. നിലവിലെ പ്രശ്നങ്ങൾ പലതും രണ്ടു മാസംകൊണ്ടു പരിഹരിക്കാവുന്ന ഒന്നല്ല. കാലാവസ്ഥാ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും മന്ത്രി അങ്കമാലിയിൽ പറഞ്ഞു.
എവിടെ വകുപ്പ് മന്ത്രി ?
മുതലപ്പൊഴിയലും നീണ്ടകരയിലും പ്രതിഷേധം അലയടിക്കുമ്പോള്‍ വകുപ്പ് മന്ത്രിയെ കാണാനേ ഇല്ല. ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി അബ്ദുല്‍ ഗഫൂറാകട്ടെ കൊച്ചിയിലേക്ക് വണ്ടി കയറി.
പിന്നീട് പ്രതിഷേധം തണുപ്പിക്കാന്‍ ഗതാഗത മന്ത്രി സി.പി. ജോൺ നേരിട്ടിറങ്ങേണ്ടി വന്നു. പ്രതിഷേധക്കാരെ കണ്ട് നല്ല വാക്ക് പറയേണ്ട മത്സ്യത്തൊഴിലാളികളുടെ സ്വന്തം വകുപ്പ് മന്ത്രി കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ മനുഷ്യസാധ്യമായ എല്ലാം ചെയ്യുന്നുവെന്ന് പറഞ്ഞൊഴിയുന്നു.
മുൻ സര്‍ക്കാരുകളുടെ കാലത്ത് തീരദേശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ് ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ദുരന്തമുണ്ടാകുമ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി മുന്‍ നിരയില്‍തന്നെ ഉണ്ടാകും.
പക്ഷേ ഫിഷറീസ് മന്ത്രി അബ്ദുല്‍ ഗഫൂറിനെ ദുരന്ത മേഖലയിൽ കാണാനില്ല. ഫിഷറീസ് വകുപ്പ് തീരദേശത്തെയുംകുറിച്ച് അറിയുന്നവര്‍ക്ക് നല്‍കണമെന്ന ആവശ്യം
ഉയര്‍ന്നിരുന്നു.