ആലുവ: തായ്ലൻഡിൽനിന്നെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ വില്പനയും വിതരണവും നിയന്ത്രിക്കുന്നത് മലയാളിയെന്ന് പോലീസ്.
സ്വർണക്കടത്ത് രംഗത്തെ പ്രമുഖനായ കോഴിക്കോട് ബാലുശേരി സ്വദേശി മാർക്കോ എന്ന ജെയ്സൺ (39) ആണ് കേരളത്തിലെ മയക്കുമരുന്നു വിതരണത്തിനു ചുക്കാൻ പിടിക്കുന്നതെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശനൻ പറഞ്ഞു.
2021ൽ കേരളം വിട്ട ഇയാളെ തായ്ലൻഡിൽനിന്നെത്തിക്കാനുള്ള നിയമ നടപടികൾ ആരംഭിച്ചെന്നും 2021 ജൂൺ 21ന് അഞ്ചു പേരുടെ മരണത്തിൽ കലാശിച്ച രാമനാട്ടുകര കാറപകടത്തിൽ ഇയാൾക്കു പങ്കുള്ളതായും എസ്പി പറഞ്ഞു.
സ്വർണം പൊട്ടിക്കൽ സംഭവത്തിൽ അതിവേഗതയിൽ കാറിൽ സഞ്ചരിച്ച് അപകടത്തിൽപ്പെട്ട അഞ്ചംഗസംഘത്തെ നിയോഗിച്ചത് ജെയ്സനാണ്. ഡിവൈഎഫ്ഐ നേതാവ് അർജുൻ ആയങ്കിയുടെ വാഹനം പിന്തുടരുമ്പോഴായിരുന്നു അപകടം.
കരിപ്പൂർ വിമാനത്താവളത്തിലേക്ക് ദുബായിൽനിന്ന് സ്വർണം കയറ്റിവിട്ടതും മാർക്കോ എന്ന ജെയ്സൺ തന്നെയായിരുന്നു. ഈ സ്വർണം തട്ടിയെടുക്കാനാണ് ആയങ്കിയും സംഘവും എത്തിയത്. എന്നാൽ കാരിയർ ഒറ്റിയതിനാൽ കസ്റ്റംസ് സ്വർണം പിടികൂടുകയായിരുന്നു.