സിനിമയുടെ നിർമാണത്തിലെ പാളിച്ചകളെക്കുറിച്ചുള്ള ആരാധകന്റെ വിമർശനത്തിന് മറുപടിയുമായി നടൻ ദുൽഖർ സൽമാൻ. താരം കേന്ദ്രകഥാപാത്രമായി എത്തി തിയറ്ററുകളിലെത്തിയ 'ഐ ആം ഗെയിം' എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച എക്സ് പോസ്റ്റിനാണ് ദുൽഖർ നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയത്.
'മുവിഹോളിക്' എന്ന ഹാൻഡിലിൽ നിന്നാണ് 'ഐ ആം ഗെയിം' സിനിമയുടെ പ്രൊഡക്ഷൻ ഹൗസായ വേഫെറർ ഫിലിംസിന് വന്ന വീഴ്ചകളെക്കുറിച്ച് നീളമുള്ള കുറിപ്പ് പങ്കുവച്ചത്. ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങളിൽ വ്യക്തമായ തെറ്റുകളുണ്ടായിരുന്നുവെന്നും ഇക്കാര്യം ഡിക്യൂ കണ്ടിട്ടുണ്ടാകുമെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
വിമർശനങ്ങളെ പൂർണമായി തള്ളിക്കളയാതെയായിരുന്നു ദുൽഖറിന്റെ പ്രതികരണം. "ഞാൻ അത് മുഴുവൻ വായിച്ചു. നിങ്ങളുടെ വിശകലനം തെറ്റാണെന്ന് ഞാൻ പറയുന്നില്ല, നിങ്ങൾ പറഞ്ഞതിൽ ഭൂരിഭാഗവും ശരിയായിരുന്നു. ഇതെല്ലാം ഞങ്ങൾക്കും ബോധ്യമുള്ള കാര്യങ്ങളാണെന്ന് വിശ്വസിക്കുക," താരം കുറിച്ചു.
എന്നാൽ സിനിമ നിർമാണത്തിലെ പ്രതിസന്ധികളെക്കുറിച്ചും ദുൽഖർ സംസാരിച്ചു. ചിലപ്പോൾ കാര്യങ്ങൾ ശരിയായി ചെയ്താലും പുറത്തുനിന്നുള്ള സാഹചര്യങ്ങൾ കാരണം ഫലം മാറിമറിയാമെന്നും ഒരു സിനിമയ്ക്ക് പിന്നിൽ ഇരുനൂറിലധികം ആളുകളുടെ കഠിനാധ്വാനമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആരും ബോധപൂർവം മോശം സിനിമകൾ നിർമിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വിമർശനങ്ങളുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും വ്യക്തമാക്കി ദുൽഖർ തന്റെ ടീമിനൊപ്പം ഉറച്ചുനിൽക്കുകയായിരുന്നു.
വിമർശനങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുകയും എന്നാൽ തന്റെ അണിയറപ്രവർത്തകരെ പൂർണമായി പിന്തുണയ്ക്കുകയും ചെയ്ത ദുൽഖറിന്റെ ഈ നിലപാടിന് വലിയ കൈയടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. സിനിമകൾ പരാജയപ്പെടുമ്പോൾ ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന ഈ സമീപനമാണ് താരത്തെ വ്യത്യസ്തനാക്കുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം.