കൊടകര: നവീകരണം, നിർമിതബുദ്ധി, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകൾ, സ്റ്റാര്‍ട്ടപ്പുകള്‍, സംരംഭകത്വം എന്നിവയെ ഒരേവേദിയില്‍ അണിനിരത്തി സഹൃദയ കോളേജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ സംഘടിപ്പിച്ച ഐഇഡിസി സമ്മിറ്റ് 2026 ശ്രദ്ധേയമായി.
വിദ്യാർഥികള്‍, യുവസംരംഭകര്‍, സ്റ്റാര്‍ട്ടപ്പ് സ്ഥാപകർ, വ്യവസായ പ്രമുഖര്‍, സാങ്കേതികവിദഗ്ധർ, ഗവേഷകര്‍, നിക്ഷേപകര്‍, മെന്റര്‍മാര്‍ എന്നിവരെ ഒരുമിച്ചെത്തിച്ച ഉച്ചകോടിയില്‍ വിവിധ വേദികളിലായി 61 പരിപാടികളാണ് നടന്നത്. 14 ജില്ലകളില്‍നിന്നുള്ള ഐഇഡിസി ശൃംഖലയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഉച്ചകോടിയില്‍ 10,000ത്തിലധികം പേര് പങ്കെടുക്കുകയും 250ലധികം സ്റ്റാര്‍ട്ടപ്പുകളും 5,000ലധികം ആശയങ്ങളും വിവിധ വേദികളില്‍ ഇടംപിടിക്കുകയും ചെയ്തു.
ഉച്ചകോടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കേരള ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് സ്പെഷല്‍ സെക്രട്ടറി സീരാം സാംബശിവ റാവു, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അനൂപ് അംബിക, ഇരിങ്ങാലക്കുട ബിഷപ്പും ഐഡിഇടി ചെയര്‍മാനുമായ മാര്‍ പോളി കണ്ണൂക്കാടൻ, സനീഷ് കുമാര്‍ ജോസഫ് എംഎൽഎ, ഐബിഎം ഇന്ത്യ സോഫ്റ്റ്വേര്‍ ലാബ്സിലെ പ്രോഗ്രാം ഡയറക്ടറും എന്‍ജിനിയറിംഗ് ലീഡറുമായ മാധുരി ഡി. മാധവന്‍പിള്ള, സീമെന്‍സ് ഹെല്ത്തിനിയേഴ്സിന്റെ ബംഗളൂരു എസ്ഐഎച്ച്എഫ്ടി ഇന്നൊവേഷന് സെന്റര്‍ മേധാവി ശ്യാംനാഥ് ഹരിനാഥ്, കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷനിലെ ഡെപ്യൂട്ടി ഡ്രഗ്സ് കണ്ട്രോളര് അസീം സാഹു, സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ഡോ. ആന്റോ ചുങ്കത്ത്, ഡയറക്ടര്‍ ഡോ. ലിയോണ്‍ ഇട്ടിച്ചൻ, പ്രിന്‍സിപ്പല്‍ ഡോ. രാംകുമാര്‍ ശ്രീധരന് നായർ, ഐഇഡിസി സംഘാടക സെക്രട്ടറി ജിബിന്‍ ജോസ്, ഐഇഡിസി സഹൃദയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാളവിക ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
വിദ്യാര്‍ഥികളുടെ അറിവും നൈപുണ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി ബിസിനസ് ക്വിസ്, ഡാറ്റാ സയന്‍സ് മത്സരം, ക്വാണ്ടം ഹാക്കത്തണ്‍ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. ബിസിനസ് ക്വിസിന് ഒരു ലക്ഷം രൂപയുടെ സമ്മാനത്തുകയും വിവിധ മത്സരങ്ങള്‍ക്കായി പ്രത്യേക പുരസ്കാരങ്ങളും ഒരുക്കിയിരുന്നു.