തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം മഴ പെയ്യുമെന്നാണ് അറിയിപ്പ്. തിങ്കളും ചൊവ്വയും മൂന്ന് ജില്ലകളിൽ വീതവും ബുധൻ നാല് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും 15ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 16ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 12ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.