അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നെതർലൻഡ്സിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് അടിച്ചുകൂട്ടിയത്.
തുടക്കത്തിൽ പതറിയെങ്കിലും ശിവം ദുബെയുടെയും ഹാർദിക് പാണ്ഡ്യയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. തുടർച്ചയായ മൂന്നാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ പുറത്തായ ഓപ്പണർ അഭിഷേക് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്.
തൊട്ടുപിന്നാലെ ഇഷാൻ കിഷനും (18) മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. എന്നാൽ ക്രീസിലൊന്നിച്ച തിലക് വർമ്മയും നായകൻ സൂര്യകുമാർ യാദവും ചേർന്ന് ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു.
തിലക് വർമ്മ 31 റൺസും സൂര്യകുമാർ 34 റൺസും നേടി പൊരുതിയെങ്കിലും സ്കോറിംഗ് വേഗത വേണ്ടത്ര വർധിപ്പിക്കാൻ ഇവർക്ക് സാധിച്ചില്ല. 10 ഓവർ പിന്നിടുമ്പോൾ കേവലം 74 റൺസ് മാത്രമായിരുന്നു ഇന്ത്യയുടെ സ്കോർ ബോർഡിലുണ്ടായിരുന്നത്.
എന്നാൽ ശിവം ദുബെ ക്രീസിലെത്തിയതോടെ കളിയുടെ ഗതി മാറി. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ദുബെ കേവലം 31 പന്തിൽ നിന്ന് 66 റൺസാണ് അടിച്ചുകൂട്ടിയത്.
നാല് ഫോറുകളും ആറ് കൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു ദുബെയുടെ ഇന്നിംഗ്സ്. ഹാർദിക് പാണ്ഡ്യക്കൊപ്പം (30) ചേർന്ന് അഞ്ചാം വിക്കറ്റിൽ 76 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് ദുബെ പടുത്തുയർത്തിയത്.
അവസാന ഓവറുകളിൽ ബൗളർമാരെ കടന്നാക്രമിച്ച ഇന്ത്യൻ ബാറ്റർമാർ അവസാന 10 ഓവറിൽ മാത്രം 119 റൺസാണ് സ്വന്തമാക്കിയത്.
നെതർലൻഡ്സ് നിരയിൽ ആര്യൻ ദത്ത് നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ ലോഗൻ വാൻ ബീക്കും ഫ്രെഡ് ക്ലാസനും അടക്കമുള്ള മറ്റ് ബൗളർമാർ ഇന്ത്യൻ ആക്രമണത്തിന് മുന്നിൽ പതറുന്ന കാഴ്ചയാണ് കണ്ടത്.